മയക്കുമരുന്ന് വില്‍പന ഉള്‍പ്പെടെ നിരവധി കേസുകള്‍; 29 വയസുകാരനെ കാപ്പ ചുമത്തി ജയിലിലടച്ചു
കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കു മരുന്നുകളുടെ വിൽപന നടത്തിയതിനും, തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് നടപടി.

തൃശൂർ: നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തെക്കുംകര വില്ലേജ് പനങ്ങാട്ടുകര കോണിപറമ്പിൽ വീട്ടിൽ സുമേഷിനെ (ഫ്രീക്കൻ - 29) ആണ് വടക്കാഞ്ചേരി പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കു മരുന്നുകളുടെ വിൽപന നടത്തിയതിനും, തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ചതിനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനുമാണ് നടപടി.
വടക്കാഞ്ചേരി, എരുമപ്പെട്ടി, എറണാകുളം ജില്ലയിലെ കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും, വടക്കാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലും കേസുകൾ നിലവിലുണ്ട്. പൊതു സമാധാനത്തിനും, പൊതുജനാരോഗ്യത്തിനും ഭീഷണി ഉണ്ടാക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും തടയുന്നതിനായി പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ കാപ്പ ചുമത്തി ഒരു വർഷക്കാലത്തേക്ക് തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇടുക്കി നേര്യമംഗലം സ്വദേശിയെ കഴിഞ്ഞയാഴ്ച കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ടാര്‍സന്‍ മനീഷ് എന്നറിയപ്പെടുന്ന മനീഷാണ് അറസ്റ്റിലായത്. അടിമാലി പൊലീസാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. അടിമാലിയില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു മനീഷ്. വിവിധ സ്റ്റേഷനുകളില്‍ മനീഷിനെതിരെ നിരവധി മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ മോഷണ രീതി മൂലം ടാര്‍സന്‍ മനീഷെന്നാണ് അറിയപ്പെടുന്നതെന്ന് അടിമാലി പൊലീസ് പറഞ്ഞു.
അടിവസ്ത്രം മാത്രം ധരിച്ചാണ് ഇയാള്‍ മോഷണത്തിന് എത്തുക. വീടുകളുടെ ജനല്‍ കുത്തിത്തുറന്ന്, ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുക എന്നതായിരുന്നു പതിവ്. അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ മനീഷിന്‍റെ ദൃശ്യം പലതവണ സി സി ടി വികളില്‍ പതിയുകയുണ്ടായി. വാഴക്കുളത്ത് രണ്ടും മൂവാറ്റുപുഴ, തൊടുപുഴ, അങ്കമാലി, ചാലക്കുടി, ഇടത്തല സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസുകളും മനീഷിന്റെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...