ഹരിപ്പാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വർണ്ണം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി, കണ്ണിൽ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനുള്ളിൽ പിടികൂടി. ജയിലിൽ വെച്ച് ഗൂഢാലോചന നടത്തിയാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. പ്രതികളിൽ നിന്ന് 28 ലക്ഷത്തിലധികം രൂപയും 22 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു.
ഹരിപ്പാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വെച്ചിരിക്കുന്ന സ്വർണ്ണം എടുക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തി കണ്ണിൽ മുളകുപൊടി വിതറി ഇരുപത്തിയെട്ട് ലക്ഷം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മൂന്നുപേരെ പൊലീസ് പത്തുമിനിറ്റിനുള്ളിൽ പിടികൂടി. മീനച്ചിൽ കിടങ്ങൂർ തട്ടേമാട്ടേൽ വീട്ടിൽ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ് എൽ പുരം തിരുവാതിര വീട്ടിൽ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയിൽ വീട്ടിൽ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്നും 28,23,800 രൂപയും 22 ഗ്രാം സ്വർണ്ണവും കണ്ടെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. സ്വർണ്ണ ഉരുപ്പടികൾ എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇപ്പോൾ വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്‌വത്ത് നഗർ തെക്കേ ചേലപ്പള്ളിൽ നസറുൽ ഇസ്ലാമിനെ (നാസർ 52) ഒന്നാം പ്രതി ശ്രീജിത്ത് കാർത്തികപ്പള്ളിയിലുള്ള ഒരു ഫൈനാൻസിന്റെ ചീട്ട് അയച്ചുനൽകി വിശ്വസിപ്പിച്ചു. ആലപ്പുഴയിൽനിന്നും സ്കൂട്ടറിൽ തോട്ടപ്പള്ളിയിലെത്തിയ നാസറിനൊപ്പം വാഹനത്തിന് പിന്നിൽ കയറിയ ശ്രീജിത്ത് ആറാട്ടുപുഴ ഭാഗത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡ് ഭാഗത്തെത്തിയപ്പോൾ അച്ഛനെ വിളിക്കാനാണെന്ന് പറഞ്ഞ് വാഹനം നിർത്തിച്ചശേഷം നാസറിന്റെ കണ്ണിൽ മുളകുപൊടി വിതറി സ്കൂട്ടറിന്റെ മുന്നിലിരുന്ന ബാഗുമെടുത്ത് ഓടുകയായിരുന്നു. തുടർന്ന് ഇടറോഡിൽ സ്കൂട്ടറുമായി കാത്തുനിന്ന അനീഷിനും അരവിന്ദിനുമൊപ്പം ശ്രീജിത്ത് തൃക്കുന്നപ്പുഴ ഭാഗത്തേക്ക് കടന്നുകളഞ്ഞു. ഒരു സ്കൂട്ടറിൽ മൂന്നുപേർ പണം കവർന്നുവരുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ച പൊലീസ് മതുക്കൽ ജങ്കാറിന് സമീപത്തുവെച്ച് ഏറെ പണിപ്പെട്ടാണ് ഇവരെ കീഴടക്കിയത്.
വിവിധ കേസുകളിൽപെട്ട് കോട്ടയത്ത് ജയിലിൽ കഴിഞ്ഞിരുന്ന പ്രതികൾ അവിടെവെച്ച് നടത്തിയ ഗൂഢാലോചനയിലാണ് കവർച്ച ആസൂത്രണം ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശേഷം അരവിന്ദിന്റെ വീട്ടിൽ താമസിച്ചായിരുന്നു പദ്ധതി തയ്യാറാക്കിയത്. പണയ ഉരുപ്പടികൾ എടുത്തുനൽകിയ വകയിൽ നാസറിന് അരവിന്ദ് പണം നൽകാനുണ്ടായിരുന്നു. ഇതിന്റെ പേരിൽ അരവിന്ദിന്റെ രണ്ട് സ്കൂട്ടറുകൾ നാസർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പണം നൽകാമെന്ന് പറഞ്ഞാണ് ഇവർ നാസറിനെ വിളിച്ചുവരുത്തിയത്. കാപ്പാ കേസ് പ്രതിയായ ശ്രീജിത്തിന്റെ പേരിൽ രണ്ട് വധശ്രമം ഉൾപ്പെടെ ആറ് കേസുകളുണ്ട്. വൈക്കം തുരുത്തിപ്പള്ളി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മുൻ പൂജാരിയായ അരവിന്ദ് വിഗ്രഹത്തിൽനിന്നും മാല മോഷ്ടിച്ച കേസിലാണ് ജയിലിലായത്. പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അനീഷ്. പ്രതികളെ പിടികൂടിയപ്പോഴാണ് അരവിന്ദ് സംഘത്തിലുള്ള വിവരം നാസർ അറിയുന്നത്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃക്കുന്നപ്പുഴ പൊലീസ് ഇൻസ്പെക്ടർ ലാൽ സി ബേബി, സബ് ഇൻസ്പെക്ടർമാരായ രഞ്ജിത്ത്, ശ്രീകുമാർ, സോമരാജൻ നായർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സബിൻ, പ്രദീപ്, വിനോദ് കുമാർ, ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിബിലാൽ, വിനയചന്ദ്രൻ, സാജിദ്, അനീഷ് കുമാർ, ഇഖ്ബാൽ, സിവിൽ പൊലീസ് ഓഫീസർമാരായ സഫീർ, അനന്ദപത്മനാഭൻ, വിനീത, ഗാർഗി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


