ഉപ്പുതറയിൽ മുപ്പത് വളർത്തു മുയലുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. മത്തായിപ്പാറ പുളിമൂട്ടിൽ തോമസ് ജോർജ് വളർത്തിയിരുന്ന മുയലുകളെയാണ് കൊന്നത്.
ഇടുക്കി: ഉപ്പുതറയിൽ മുപ്പത് വളർത്തു മുയലുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. മത്തായിപ്പാറ പുളിമൂട്ടിൽ തോമസ് ജോർജ് വളർത്തിയിരുന്ന മുയലുകളെയാണ് കൊന്നത്. ഇത് രണ്ടാം തവണയാണ് തോമസിൻറെ മുയലുകളെ നായ്ക്കൾ ആക്രമിക്കുന്നത്.
തോമസിന്റെ വീടിൻറെ പിന്നിലെ കൂട്ടിൽ കിടന്ന മുയലുകളെയാണ് തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. നാലെണ്ണത്തതിന് കടിച്ച് കൊണ്ടു പോകുകയും മറ്റുള്ളവയെ കൊന്ന് കൂട്ടിൽ തന്നെ ഇടുകയുമായിരുന്നു. പൂർണ്ണ വളർച്ച എത്തിയ മുയലുകളാണ് ചത്തതിൽ ഭൂരിഭാഗവും. പുലർച്ചെ പശുവിനെ കറക്കാൻ എത്തിയപ്പോഴാണ് തോമസ് വിവരം അറിഞ്ഞത്.
കമ്പി വല അടിച്ച കൂടിൻറെ ചെറിയ വാതിലുകൾ തകർത്താണ് നായ്ക്കൾ അകത്ത് കടന്നത്. പശുവളർത്തലും , മുയൽ വളർത്തലുമായി വരമാനം കണ്ടെത്തിയിരുന്ന ഇവർക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. വളകോട് ഭാഗത്ത് കഴിഞ്ഞ കുറെ നാളുകളായി തൊരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. വീടുകളിലെ വളർത്തുമൃഗങ്ങളെ തെരുവ് നായ്ക്കൾ ആക്രമിക്കുന്നതും സ്ഥിരമാണ്.
Read more: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുകൾ ഇങ്ങനെ...
അതേസമയം, കഴിഞ്ഞദിവസം മലപ്പുറം ചീക്കോട് മുണ്ടക്കലിൽ 5 കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു. 4 സ്കൂൾ കുട്ടികൾക്കും വീട്ടുമുറ്റത്ത് നിൽക്കുന്ന ഒന്നര വയസ്സുകാരനുമാണ് കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മുണ്ടക്കൽ എ എം യുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഇന്ന് ഉച്ചയോടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള കുട്ടിക്ക് കൈക്കാണ് കടിയേറ്റത്. കുട്ടികൾ ഓമാനൂർ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
