കാസർകോട് ഒറ്റമാവുങ്കാലിലെ സദനും കുടുംബത്തിനും പുതിയ വീടൊരുക്കി നൽകാൻ ജനകീയ സമിതി. നിർമ്മാണം പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ സദൻ്റെ പുതിയ വീടിനടിയിൽ ഗുഹ കണ്ടെത്തിയത് വാർത്തയായിരുന്നു. വീട് താമസയോഗ്യമല്ലെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജനകീയ സമിതിയുടെ തീരുമാനം.
കാസർകോട്: നിർമ്മാണം പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ കാസർകോട് ഒറ്റമാവുങ്കാലിലെ സദൻ്റെ വീടിനടിയിൽ വലിയൊരു ഗുഹ കണ്ടെത്തിയ സംഭവം ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഗുഹയ്ക്ക് മുകളിലുള്ള വീട്ടിൽ താമസിക്കാൻ കഴിയില്ലെന്ന് അധികൃതർ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഇതേ തുടർന്ന് സദനും കുടുംബത്തിനും പുതിയ വീടൊരുക്കി നൽകാൻ ജനകീയ സമിതി രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാർ. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ ശോഭന കുമാരിയുടെ നേതൃത്വത്തിലാണ് ജനകീയ സമിതി രൂപം കൊണ്ടത്.
ഏറെക്കാലത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഒരു വീട് നിർമ്മിക്കുകയും ഗൃഹപ്രവേശനത്തിന് തീയതി നിശ്ചയിക്കുകയും ചെയ്തതിന് ശേഷമാണ് ഒറ്റമാവുങ്കാലിലെ സദനും കുടുംബവും വലിയ വിഷമം നേരിട്ടത്. കുഴിയെടുക്കുന്നതിനിടെ വീടിനടിയിൽ വലിയ ഗുഹ കണ്ടെത്തുകയായിരുന്നു. ജിയോളജി, സോയിൽ ഡിപ്പാർട്ട്മെൻ്റുകൾ നടത്തിയ പരിശോധനയ്ക്ക് ഗുഹ രൂപപ്പെട്ടതിന് കാരണം സോയിൽ പൈപ്പിങ് ആണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സദനും കുടുംബത്തിനും പുതിയതായി നിർമ്മിച്ച വീട്ടിൽ താമസിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ റിപ്പോർട്ട്.
ഒരു സഹായം ലഭിച്ചാൽ വലിയ ആശ്വാസമാകും: സദൻ
എല്ലാവരും ചേർന്ന് ഒരു സഹായം നൽകിയാൽ വലിയ ആശ്വാസമാകുമെന്ന് സദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാവരും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും സദൻ പറഞ്ഞു. "ഞാനൊരു നിസഹായ അവസ്ഥയിലാണ്. നിങ്ങളുടെ എല്ലാവരുടെയും സഹായം ഉണ്ടാകണം. വീടിനായി 30 ലക്ഷം രൂപ ചെലവാക്കി. ഇനിയിപ്പോൾ ഒരു വീട് നിർമ്മിക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല. എല്ലാവരും അവരവരെക്കൊണ്ട് കഴിയുന്ന സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു"- സദൻ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.
സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകാൻ ജനകീയ സമിതി
സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകാനാണ് ജനകീയ സമിതിയുടെ തീരുമാനമെന്ന് സമിതി ചെയർപേഴ്സണും കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ ശോഭന കുമാരി പറഞ്ഞു. ഇതിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലം സൗജന്യമായി ലഭിക്കുകയാണെങ്കിൽ സ്വീകരിക്കും. ആറുമാസത്തിനുള്ളിൽ വീട് പൂർത്തീകരിച്ചു നൽകാനാണ് തീരുമാനമെന്നും അവർ അറിയിച്ചു.
സദന് വീടൊരുക്കാൻ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് കണ്ടതിന് പിന്നാലെ ആണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തത്.
സദന് വീടൊരുക്കാൻ കൈകോർക്കാം
A/c No: 40458101061859
IFSC: KLGB0040458
KERALA GRAMINA BANK
MUNNAD BRANCH
KASARAGOD Dist.


