വെള്ളമടിച്ച് കോൺ തെറ്റി നിൽക്കാൻ പോലുമാകാതെ വരൻ, വൈദികന് നേരെയും അസഭ്യ വർഷം, വിവാഹത്തിൽ നിന്ന് പിന്മാറി വധു
വളരെ കഷ്ടപ്പെട്ട് കാറിന് പുറത്തേക്ക് ഇറങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാർ ക്ഷുഭിതരായി. വാക്കേറ്റമായതോടെ വരനും വിട്ടുകൊടുത്തില്ല, ഉപദേശിക്കാനെത്തിയ വൈദികനെയും വരൻ അസഭ്യ വർഷം കൊണ്ട് മൂടി.
തടിയൂർ: സ്വന്തം വിവാഹത്തിന് അടിച്ച് ഫിറ്റായി നിൽക്കാൻ പോലുമില്ലാത്ത അവസ്ഥയിൽ പള്ളിയിലെത്തി വരൻ. കല്യാണം നടത്താനെത്തിയ വൈദികന് നേരെ വരെ യുവാവ് മോശമായി പെരുമാറുകയും ചെയ്തതോടെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലെ ശാലോം പള്ളിയിലായിരുന്നു സംഭവം. മാർച്ച് 15നായിരുന്നു നാരങ്ങാനം സ്വദേശിയും വിദേശത്ത് ജോലിയുമുള്ള 32കാരനുമായി ഉയർന്ന വിദ്യാഭ്യാസവും ജോലിയുമുള്ള യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
എന്നാൽ കാറിൽ നിന്ന് ഇറങ്ങാൻ വരെ ഫിറ്റായതുകൊണ്ട് സാധിക്കാതിരിക്കുന്ന വരനെയാണ് പള്ളിമുറ്റത്ത് വിവാഹ ദിവസ കണ്ടത്. വളരെ കഷ്ടപ്പെട്ട് കാറിന് പുറത്തേക്ക് ഇറങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാർ ക്ഷുഭിതരായി. വാക്കേറ്റമായതോടെ വരനും വിട്ടുകൊടുത്തില്ല, ഉപദേശിക്കാനെത്തിയ വൈദികനെയും വരൻ അസഭ്യ വർഷം കൊണ്ട് മൂടി.
ഒടുവിൽ പൊലീസ് എത്തിയാണ് വരനെ പള്ളി ഓഫീസിലെത്തിച്ചത്. വധുവിന്റെ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാൻ ഇരുവീട്ടുകാരും ചേർന്ന് നടത്തിയ ചർച്ചയിൽ ധാരണയായി. വധുവിന്റെ വീട്ടുകാർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ധാരണയായിട്ടുള്ളത്. മദ്യപനായ യുവാവുമായുള്ള വിവാഹം നടക്കാതിരുന്നതിലുള്ള ആശ്വാസത്തിലാണ് വധുവിന്റെ കുടുംബം. സംഭവത്തിൽ പൊതുജനശല്യം ഉണ്ടാക്കിയതിന് വരനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കോയിപുരം പൊലീസാണ് സംഭവത്തിൽ കേസ് എടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം