ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലൈജു.

അടൂർ: പത്തനംതിട്ട അടൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പഴകുളം സ്വദേശി ലൈജു(32) ആണ് 15 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. പഴകുളം ഭാഗത്ത് രാത്രി സമയങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു ഇയാൾ. അടൂര്‍ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.അൻഷാദും പാർട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ലൈജു.

വാട്ട്സാപ്പിലൂടെയും നവമാധ്യമങ്ങളിലൂടെയും ഇടപാടുകാരുമായി ഡീലുറപ്പിച്ച് രാത്രി നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് മയക്കുമരുന്ന് കൈമാറുകയാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.അബിമോൻ, കെ.റെജി, പ്രിവന്റീവ് ഓഫീസർ ഹരിഹരനുണ്ണി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയശങ്കർ, ദീപക്, കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് 213 ഗ്രാം മയക്കുമരുന്ന്(നൈട്രോസെപ്പാം) ഗുളികകളുമായി ഫാർമസിസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. നട്ടാശ്ശേരി മിനു മാത്യു എന്നയാളാണ് പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി ജോലി നോക്കിയിരുന്ന പ്രതി ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടർ രാജേഷ്.പി.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബൈജുമോൻ, ഹരിഹരൻപോറ്റി, പ്രിവന്‍റീവ് ഓഫീസർമാരായ ആരോമൽ മോഹൻ, പ്രവീൺ ശിവാനന്ദ് , സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ.കെ, ശ്യാം ശശിധരൻ, അമൽ ഷാ, മാഹീൻകുട്ടി, അജു ജോസഫ്, പ്രദീപ്, ജോസഫ്.കെ.ജി, അരുൺ ലാൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ.കെ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയി എന്നിവർ സംഘത്തിലുണ്ടായിരുന്നു.