തമിഴ്‌നാട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി തൂക്കുപാലത്ത് എത്തിച്ച 3200 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പന്നങ്ങളുമായി ഗൃഹനാഥന്‍ പിടിയില്‍
നെടുങ്കണ്ടം: തമിഴ്‌നാട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി തൂക്കുപാലത്ത് എത്തിച്ച 3200 പായ്ക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പന്നങ്ങളുമായി 40-കാരൻ പിടിയില്‍. നാല് ചാക്കുകളിലാക്കി ഓട്ടോറിക്ഷയില്‍ പോകുന്ന വഴിയ്ക്കാണ് തൂക്കുപാലം വടക്കേപുതുപറമ്പില്‍ ഫൈസല്‍ (40)നെ നെടുങ്കണ്ടം എസ്‌ഐ ജയകൃഷ്ണന്‍ ടി എസ് ന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ നിന്ന് ഗണേഷ് പിടികൂടിയത്.
തൂക്കുപാലത്തെ ഏതാനും കടകളില്‍ വിതരണത്തിന് ഓട്ടം വിളിച്ച ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹാന്‍സ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. 120 രൂപ വില വരുന്ന വലിയ പായ്ക്കറ്റിനുള്ളില്‍ 15 എണ്ണം ഗണേഷിന്റെ ചെറിയ പായ്ക്കറ്റുകളാണ് ഉള്ളത്. പത്ത് രൂപയില്‍ താഴെമാത്രം വില വരുന്ന ഓരോ ഗണേഷും 80 മുതല്‍ 120 വിലയ്ക്കാണ് വിപണിയില്‍ വില്‍പ്പന നടത്തുന്നത്. ഫൈസലിന് ഹാന്‍സ് എത്തിച്ച് നല്‍കിയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. പരിശോധനയില്‍ രഞ്ജു, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ സതീഷ്, അനുപ്, ടോം എന്നിവര്‍ പങ്കെടുത്തു.
അതേസമയം, കോഴിക്കോട് കട്ടിപ്പാറ ചമലിൽ നിന്നും വീണ്ടും ചാരായവും വാഷും പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമരശ്ശേരി എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. ചമൽ - കേളൻമൂല ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് 15 ലിറ്റർ ചാരായവും 400 ലിറ്റർ വാഷും കണ്ടെടുത്തു. എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ഥിരം വ്യാജ വാറ്റ് കേന്ദ്രമാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സർക്കിൾ ടീം ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ. സി. ജി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഇഒ ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.
