നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ഷബീറിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവ് ചികിത്സയിൽ തുടരുകയാണ്.

കോഴിക്കോട്: വടകരയിൽ മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര പുതുപ്പണം മാങ്ങില്‍ കയ്യില്‍ താമസിക്കുന്ന തോട്ടുങ്കല്‍ നൗഷാദി(38)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വടകര താഴെ അങ്ങാടി മത്സ്യമാര്‍ക്കറ്റിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

താഴെ അങ്ങാടി ബീച്ച് റോഡില്‍ ഇടത്തില്‍ സ്വദേശിയായ ഷബീറിനാണ് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ഷബീറിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. വടകര കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ റിമാന്റ് ചെയ്തു.