Asianet News MalayalamAsianet News Malayalam

Payasam Challenge | മലപ്പുറത്ത് അടച്ചുപൂട്ടലിന്‍റെ വക്കിലായ ഡയാലിസിസ് സെന്‍ററിനായി പായസം വിറ്റ് ധനസമാഹരണം

 40,000 ലിറ്റർ പാലടപ്പായസമാണിവിടെ തയ്യാറായത്. നാലുലക്ഷംപേരുടെ കൈകളിലാണ് പായസമെത്തിയത്. കൊവിഡ് കാലത്ത് വരുമാനംനിലച്ച് കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലായതോടെയാണ് പായസ ചലഞ്ച് നടത്തി ധനസമാഹരണം നടത്തുന്നത്.

40000 litres of payasam challenge made to find money for Dialysis Centre in malappuram
Author
Tirur, First Published Nov 10, 2021, 11:25 AM IST

54 വൃക്കരോഗികള്‍ക്കായുള്ള കരുതലില്‍ പായസം വിറ്റ് ഒരുനാട്. അഭയം ഡയാലിസിസ് സെന്ററിലെത്തുന്ന വൃക്കരോഗികളുടെ ജീവൻ രക്ഷിക്കാനുള്ള പണം കണ്ടെത്താനാണ് പാലടപ്പായസ ചലഞ്ച് സ്ംഘടിപ്പിക്കാൻ നാട് മുഴുവൻ രംഗത്തിറങ്ങിയത്.  40,000 ലിറ്റർ പാലടപ്പായസമാണിവിടെ തയ്യാറായത്. 15,000 ചതുരശ്രയടി സ്ഥലത്താണ് പാചകപ്പുരയും പാക്കിങ്ങിനുമായി പന്തലൊരുക്കിയത്.

40,000 ലിറ്റർ പാലും 7000 കിലോ പഞ്ചസാരയും 3000 കിലോ അടയും 200 കിലോ വെണ്ണയും 30 ടൺ പുളിമരവിറകും 6000 ലിറ്റർ വെള്ളവും ഉപയോഗിച്ചായിരുന്നു പായസം ഉണ്ടാക്കിയത്. വിവിധ വ്യക്തികളും സന്നദ്ധസംഘടനകളും ക്ലബ്ബുകളുെ കൂടി കൈചേര്‍ത്തതോടെ കാരുണ്യ നിറച്ച മധുരമൊരുങ്ങി. 4000 കിലോ പഞ്ചസാര തിരൂർ ചേംബർ ഓഫ് കൊമേഴ്സ് സംഭാവന ചെയ്തു.200ലേറെ പാചകക്കാരും സ്നേഹതീരത്തിന്റെ 600ലേറെ വൊളന്റിയർമാരും യജ്ഞത്തിനു പിന്നിലുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ നാലുലക്ഷംപേരുടെ കൈകളിലാണ് പായസമെത്തിയത്.

ലിറ്ററിന് 250 രൂപ നിരക്കിൽ വിതരണം ചെയ്ത് 80 ലക്ഷം രൂപ സമാഹരിക്കാനാണ് ജനകീയക്കൂട്ടായ്മയുടെ ലക്ഷ്യം. തിരൂർ താനൂർ നഗരസഭകളിലും സമീപത്തെ 14 ഗ്രാമപ്പഞ്ചായത്തുകളിലുമാണ് പായസം വിറ്റത്.  പുത്തുതോട്ടിൽ കോയ ചെയർമാനും വി.പി. കുഞ്ഞാലൻകുട്ടി സെക്രട്ടറിയും കൈനിക്കര ആഷിക്ക് ട്രഷററുമാണ്. മുണ്ടേക്കാട്ട് കുഞ്ഞിപ്പ കൺവീനറും നാസർ കുറ്റൂർ ചെയർമാനുമായാണ് പായസ ചലഞ്ച് കമ്മിറ്റി പ്രവർത്തനം നടക്കുന്നത്.

കോൺഫെഡറേഷൻഓഫ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷനാണ് മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നായി പാചകക്കാരെ സൗജന്യമായി എത്തിച്ചത്. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സൗജന്യമായി 240 ചെമ്പും ചരക്കും പാത്രങ്ങളും നൽകി. 2013ലാണ് അഭയം ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കാൻ മാസം ആറുലക്ഷം രൂപ ചെലവുവരും. കൊവിഡ് കാലത്ത് വരുമാനംനിലച്ച് കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലായതോടെയാണ് പായസ ചലഞ്ച് നടത്തി ധനസമാഹരണം നടത്തുന്നത്.
 

Follow Us:
Download App:
  • android
  • ios