Asianet News MalayalamAsianet News Malayalam

വന്‍ കഞ്ചാവ് വേട്ട; രണ്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കാഞ്ഞാണി ബസ് സ്റ്റാന്‍റ് പരിസരത്ത് വലിയ രണ്ട് ട്രോളി ബാഗുകളുമായി ഇടനിലക്കാരെ കാത്തു നിന്ന വിദ്യാർഥികളായ ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവർ രണ്ടു പേരും കറുകുറ്റി എസ്‍സിഎംഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥികളാണ്

42 kilo marijuana seized from thrissur
Author
Thrissur, First Published Feb 18, 2019, 4:41 PM IST

തൃശൂർ: കാഞ്ഞാണി ബസ് സ്റ്റാന്‍റില്‍ നിന്ന് 42 കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ് (21), പട്ടാമ്പി 'ഹരിദിവ്യ'ത്തിൽ രോഹിത് (21) എന്നിവരാണ് പിടിയിലായത്.  കോടി രൂപ വില വരുന്നതാണ് ഇവരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്.

രഹസ്യവിവരത്തേ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ അന്തിക്കാട് എസ്ഐ കെ എസ് സൂരജും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് - കാഞ്ഞാണി മേഖലകളിൽ കഞ്ചാവ് സംഘങ്ങൾ വിലസുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് ഒരുക്കിയ വലയിലാണ് വിദ്യാർഥികള്‍ കുടുങ്ങിയത്.

കാഞ്ഞാണി ബസ് സ്റ്റാന്‍റ് പരിസരത്ത് വലിയ രണ്ട് ട്രോളി ബാഗുകളുമായി ഇടനിലക്കാരെ കാത്തു നിന്ന വിദ്യാർഥികളായ ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവർ രണ്ടു പേരും കറുകുറ്റി എസ്‍സിഎംഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥികളാണ്. ആന്ധ്രയിൽ നിന്നാണ് സംഘം കഞ്ചാവ് വരുത്തുന്നതെന്ന് ഇവർ പറഞ്ഞു.

പഠിക്കുന്ന എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ വ്യക്തമായി. ആഡംബര ചെലവിനായി അധിക പണം കണ്ടെത്താൻ വേണ്ടിയാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നതെന്ന് വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു. 

അന്തിക്കാടും തീരദേശ മേഖലയിലുമുള്ള ഇടനിലക്കാർക്ക് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ഇടനിലക്കാർ വഴി വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണികളെ അന്തിക്കാട് പൊലീസ് വലയിലാക്കിയത്.

രണ്ടു മാസം മുമ്പ് അരിമ്പൂരിൽ നിന്ന് 500 ഗ്രാം ചരസും പെരിങ്ങോട്ടുകരയിൽ നിന്ന് കഞ്ചാവും പിടികൂടിയിരുന്നു. ഇതേ തുടർന്ന് അന്തിക്കാട് എസ്ഐ കെ എസ് സൂരജിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാക്കി അന്വേഷണം നടത്തി വരികയായിരുന്നു. ചെറിയ കേസുകളിൽ പിടിക്കപ്പെടുന്നവരെ ചോദ്യം ചെയ്ത് പലവിധ നിരീക്ഷണങ്ങൾക്കൊടുവിലാണ് കൂടുതല്‍ അറസ്റ്റുകളിലേക്ക് എത്തുന്നത്. 

Follow Us:
Download App:
  • android
  • ios