Asianet News MalayalamAsianet News Malayalam

നാളെ മാത്രം 870 സ്കൂളുകളിലായി നാല് ലക്ഷം വനിതകൾ പടിയിറങ്ങിയ സ്കൂൾ മുറ്റത്തേക്ക് വീണ്ടുമെത്തും!

ഒരിക്കല്‍ പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് കേരളത്തിലെ 46 ലക്ഷം വനിതകള്‍ ഒക്ടോബര്‍ ഒന്ന് മുതൽ തിരികെ യെത്തുന്നു

46 lakh women in Kerala to school ppp kudumbashree
Author
First Published Sep 30, 2023, 7:58 PM IST

പാലക്കാട്: ഒരിക്കല്‍ പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് കേരളത്തിലെ 46 ലക്ഷം വനിതകള്‍ ഒക്ടോബര്‍ ഒന്ന് മുതൽ തിരികെ യെത്തുന്നു. കുടുംബശ്രീ ഒരുക്കുന്ന അയല്‍ക്കൂട്ട ശാക്തീകരണ കാമ്പയിനാണ്  ലോകത്തിലെ തന്നെ ബൃഹത്തായ സംഗമത്തിന് വേദിയൊരുക്കുന്നത്. കാമ്പയിന്റെ  ആദ്യ ദിനമായ നാളെ 870 സ്കൂളുകളിലായി 8700 ക്ലാസുകൾ സംഘടിപ്പിക്കും. ഇതിൽ നാല് ലക്ഷം അയൽക്കൂട്ട അംഗങ്ങൾ പങ്കെടുക്കും. 15000 അധ്യാപകരും ഉണ്ടാകും.

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് നാളെ രാവിലെ 9.30ന് പാലക്കാട് തൃത്താലയില്‍ ഡോ.കെ.ബി മേനോന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  ക്യാമ്പെയ്ന്റെ സംസഥാനതല  ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരത്ത് മന്ത്രി വി.ശിവന്‍ കുട്ടി, കൊല്ലത്ത് മന്ത്രി കെ.എന്‍.ബാലഗോപാല്‍, ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്‍, കോട്ടയം മന്ത്രി വി വാസവന്‍, വയനാട്ടിൽ. മന്ത്രി എ. കെ ശശീന്ദ്രൻ, തൃശൂരിൽ  മന്ത്രി  കെ.രാധാകൃഷ്ണൻ, എറണാകുളത്ത് മന്ത്രി പി രാജീവ്, ഇടുക്കിയിൽ  മന്ത്രി റോഷി അഗസ്റ്റിൻ  എന്നിവരും കുടുംബശ്രീ  വനിതകൾക്ക്  ആവേശം പകർന്ന് ക്യാമ്പെയ്ൻ ജില്ലാതല പരിപാടികളിൽ നാളെ പങ്കെടുക്കും.  മലപ്പുറത്തു ഒക്‌ടോബർ രണ്ടിന് മന്ത്രി വി അബ്ദു റഹ്മാനും പങ്കെടുക്കും.  നിപ്പയുടെ. സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഒക്ടോബർ എട്ടിനാണ്  ക്ലാസ് ആരംഭിക്കുക. 

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപ കുമാർ പത്തനംതിട്ട ജില്ലയിലും ജില്ലാ പഞ്ചായത്തു പ്രസിഡന്റ് മാരായ  ബേബി ബാലകൃഷ്ണൻ, സി.സി ദിവ്യ എന്നിവർ യഥാക്രമം കാസർകോട്, കണ്ണൂർ ജില്ലകളിലും പങ്കെടുക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയുള്ള അവധി ദിവസങ്ങളിലായി സ്‌കൂളിലെത്തുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സംഘടനാശാക്തീകരണത്തിന്റെ പാഠങ്ങള്‍ക്കൊപ്പം  കാലികമായ നിരവധി അറിവുകളും കഴിവുകളും സ്വായത്തമാക്കാനും സര്‍ഗ്ഗകഴിവുകള്‍ അവതരിപ്പിക്കാനും അവസരം ലഭിക്കും.  

Read more:  'കാസ്രോട് കുടുംബശ്രീക്കാരെ കണ്ട്ക്കാ!' ബെറ്റ് ബ്രാന്‍റുമായി ടീം ബേഡകം

ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയുള്ള 71 ദിവസത്തിനിടയില്‍ വരുന്ന 21 അവധിദിവസങ്ങളിലായാണ് കാമ്പയിന്‍ നടക്കുന്നത്. ഉദ്ഘാടന ദിവസമായ നാളെ മാത്രം നാലര ലക്ഷം വനിതകള്‍ സ്‌കൂളിലെത്തും. ഒക്ടോബർ രണ്ടിന് 100 സ്കൂളുകളിൽ ക്ലാസുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാമ്പയിന് വേണ്ടി രണ്ടായിരത്തോളം പൊതുവിദ്യാലയങ്ങള്‍ വിട്ടു നല്‍കിയിട്ടുണ്ട്. രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 4.30 മണിക്ക് സമാപിക്കുന്ന പരിപാടിയില്‍ ഓരോ മണിക്കൂര്‍ വീതമുള്ള അഞ്ചു  പിരീഡുകളായാണ് പഠനവിഷയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിന് പുറമെ ഒന്നിച്ചുള്ള ഉച്ചഭക്ഷണവും കലാപരിപാടികളുടെ അവതരണവും നടക്കും. ഒരു ക്ലാസ്സ് മുറിയില്‍ 50  മുതല്‍ 60  വരെ അയല്‍ക്കൂട്ടാംഗങ്ങള്‍ വരെ പഠിതാക്കളായി എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. 

കാമ്പയിന്‍ ഒരുക്കങ്ങള്‍ക്കു  ആവേശകരമായ പങ്കാളിത്തമാണ് ഇതിനകം സംസ്ഥാനത്തൊട്ടാകെ ലഭിച്ചത്. പ്രായത്തെ തോല്‍പ്പിക്കുന്ന ആവേശത്തോടെ പലയിടങ്ങളിലും മുതിര്‍ന്ന അംഗങ്ങളടക്കം രംഗത്തെത്തി. പല സി.ഡി.എസ്സുകളിലും സ്‌കൂള്‍ യൂനിഫോം അണിഞ്ഞുകൊണ്ട് അംഗങ്ങള്‍ നിര്‍മ്മിച്ച റീലുകളും ഷോര്‍ട്ടസും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തു. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് പല വീഡിയോകളും നേടിയത്.

വിവിധ സി.ഡി.എസ്സുകളുടെയും ജില്ലാ മിഷനുകളുടെയും   ആഭിമുഖ്യത്തില്‍ വൈവിധ്യമാർന്ന.    പ്രചാരണ പരിപാടികള്‍ ഇതിനകം സംസ്ഥാനത്തുടനീളം അരങ്ങേറി. ഫ്‌ളാഷ് മോബുകളും മാരത്തോണും ചുവരെഴുത്തും ഗൃഹസന്ദര്‍ശനങ്ങളുമെല്ലാം വനിതകള്‍ ഏറ്റെടുത്തു. മന്ത്രിമാരും മറ്റു നേതാക്കളും വിവിധ മേഖലകളിലെ പ്രശസ്തരും കാമ്പയിന് പിന്തുണയും ആംശംസയും അറിയിച്ചു രംഗത്തെത്തി. കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ സി.ഡി.എസ്. പരിധിയിലുള്ള   പരിപാടികളിൽ  എം.എൽ.എ മാരടക്കമുള്ള    ജനപ്രതിനിധികളും   , സ്‌കൂള്‍ പി.ടി.എയും കൂട്ടായ പ്രവര്‍ത്തനത്തില്‍ അണിചേരുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios