ഇടമലകുടി ഇനി 4ജി; ഇന്റർനെറ്റും മൊബൈൽ റേഞ്ചുമെത്തി, വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ആഘോഷിച്ച് നാട്ടുകാർ
നിലവില്‍ സൊസൈറ്റികുടി, കണ്ടത്തികുടി, ഷെഡുകുടി എന്നിവിടങ്ങളിലാണ് 4 ജി സൗകര്യം ലഭിക്കുക.

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലകുടിയില്‍ ഇനി മൊബൈല്‍ റേഞ്ചും 4 ജി സൗകര്യത്തോട് കൂടിയുള്ള ഇന്‍റർനെറ്റ് സംവിധാനവും. സംസ്ഥാന സർക്കാർ നാലര കോടി രൂപ ചിലവഴിച്ച് 40 കിലോമീറ്റർ ഭൂഗര്‍ഭ കേബിളിട്ടാണ് സൗകര്യമൊരുക്കിയത്. നാട്ടുകാർ പ്രത്യേക വാട്സാപ് കൂട്ടായ്മ രൂപീകരിച്ചാണ് ഇത് ആഘോഷിച്ചത്.
മൂന്നാര്‍ ബിഎസ് എന്‍ എല്‍ എക്സ്ചേഞ്ചിൽ നിന്നുള്ള 40 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുകള്‍ എത്തി ചേരുന്നത് ഇടമലകുടിയുടെ പ്രധാന ഭാഗമായ ഷെഡുകുടിയിലാണ്. അവിടെ ടവര്‍ സ്ഥാപിച്ചതോടെ എല്ലാവര്‍ക്കും മൊബൈല്‍ റേഞ്ചു കിട്ടി. ഇതിനായി നാലര കോടി രൂപയാണ് സംസ്ഥാന സർക്കാരിന് ചിലവായത്. നിലവില്‍ സൊസൈറ്റികുടി, കണ്ടത്തികുടി, ഷെഡുകുടി എന്നിവിടങ്ങളിലാണ് 4 ജി സൗകര്യം ലഭിക്കുക.
കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായത്തോടെ 4 കോടി കൂടി മുടക്കി 6 ടവറുകള്‍ സ്ഥാപിക്കുന്നതോടെ എല്ലാ സെറ്റില്‍മെന്‍റുകളിലും 4ജി സൗകര്യവുമാകും. മുതുവാൻ വിഭാഗത്തില്‍ പെടുന്ന ഗോത്ര വർഗക്കാര്‍ മാത്രമാണ് ഇടമലകുടിയില്‍ താമസിക്കുന്നത്. 13 വാർഡുകളില്‍ പെടുന്ന 25 കോളനികളിലായി 2500ലധികം പേരാണ് മൊത്തമുള്ളത്. ഇവിടേക്കുള്ള റോഡുകള്‍ നന്നാക്കുന്ന പണിയും പുരോഗമിക്കുകയാണ്.
15 വർഷം, മാജിക്കിലൂടെ ബോധവത്കരണം; മലയാളിയായ അശ്വിൻ പരവൂരിന് മെര്‍ലിന്‍ മാജിക് പുരസ്‌കാരം