പ്രതികള്‍ ആര്‍ക്ക് വേണ്ടിയാണ് പണമെത്തിച്ചതെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കോഴിക്കോട്: എളേററില്‍ വട്ടോളിയില്‍ 5.04 കോടി രൂപയുടെ കള്ളപ്പണവുമായി രണ്ടു കര്‍ണാടക സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. പ്രതികള്‍ ആര്‍ക്ക് വേണ്ടിയാണ് പണമെത്തിച്ചതെന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ മുമ്പും ഈ മേഖലയില്‍ പണം എത്തിച്ച് നല്‍കിട്ടുണ്ടെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വാഹന പരിശോധനക്കിടെ കാറിലെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ നിജിന്‍ അഹമ്മദ്, രാഘവേന്ദ്ര എന്നിവര്‍ പിടിയിലായിരുന്നു. ഇരുവരേയും താമരശ്ശേരി കോടതി റിമാന്‍റ് ചെയ്തു.

കൊടുവള്ളി മേഖലയില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടക്കുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കൊടുവള്ളി എളേറ്റില്‍ വട്ടോളി എന്ന സ്ഥലത്തു വെച്ച് കര്‍ണാടക രജിസ്ട്രേഷനിലുള്ള കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് പേരിൽ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് കാര്‍ പൊലീസ് വിശദമായി പരിശോധിച്ചത്. സീറ്റുകള്‍ക്കടിയിലും മറ്റും രഹസ്യ അറകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ‍കെട്ടു കണക്കിന് നോട്ടുകള്‍ കണ്ടെത്തിയത്. അഞ്ചു കോടി നാലു ലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തി. ആര്‍ക്കാണ് ഈ പണം കൊണ്ടുവന്നത് എന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടികളാണ് ഇരുവരും നല്‍കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം