പാരീഷ് ഹാളിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എൽ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചത്

തൃശൂര്‍: മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് അഞ്ച് പേര്‍ക്ക് പരുക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എല്‍ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

കുറ്റിച്ചിറ തത്തമ്പിള്ളി വീട്ടില്‍ ബേബി (50), ചെമ്പന്‍കുന്ന് തത്തമ്പിള്ളി വീട്ടില്‍ വര്‍ഗീസ് (63), താഴൂര്‍ ഞാറേക്കാടന്‍ ഷീജ പോള്‍ (40), കലിക്കല്‍ തോപ്പില്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ ആദിത്യന്‍ (19), മാരാംകോട് വലിയവീട്ടില്‍ ഇവാ (4)എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴൂര്‍ സെന്‍റ് മേരീസ് പള്ളി പാരീഷ് ഹാളില്‍ ശനിയാഴ്ച 12 ഓടെയായിരുന്നു സംഭവം. അറ്റകുറ്റ പണികള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് ക്ലാമ്പുകള്‍ ഇളകിയതാണ് ഫാന്‍ താഴേക്ക് വീഴാന്‍ കാരണമായതെന്നാണ് പറയുന്നത്.

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ലൈസൻസില്ലാത്ത തോക്കുമായി റിട്ട. എസ് ഐ അറസ്റ്റിലായി എന്നതാണ്. എളയാവൂർ സ്വദേശി സെബാസ്റ്റ്യനാണ് പിടിയിലായത്. അപകടത്തിൽപ്പെട്ട കാറിൽ നാട്ടുകാരാണ് നാടൻ തോക്ക് കണ്ടെത്തിയത്. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ നാടൻ തോക്കിന് പുറമെ മൂന്ന് തിരകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കടാംകോട് എന്ന സ്ഥലത്ത് ഇടറോഡിൽ അറ്റാകുറ്റപണിക്കായി കുഴിച്ച കുഴിയിൽ ഒരു കാർ വീണു. പ്രദേശത്തുള്ളവർ അവിടേക്കെത്തി. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത് എളയാവൂർ സ്വദേശിയും റിട്ട എസ് ഐയുമായ സെബാസ്റ്റ്യനായിരുന്നു. പിൻസീറ്റിന് താഴെ ഒരു നാടൻ തോക്കും നാട്ടുകാർ കണ്ടു. ചോദിച്ചപ്പോൾ പന്നിയെ വെടിവെക്കാൻ ലൈസൻസ് ഉണ്ടെന്നും അതിന് പോകുന്ന വഴിയെന്നും ഡ്രൈവർ മറുപടി നൽകി. സംശയം തോന്നി നാട്ടുകാർ ചക്കരക്കൽ പൊലീസിൽ വിവരം അറിയിച്ചു. ഇൻസ്‌പെക്ടർ ആസാദും സംഘവും സ്ഥലത്തെത്തി. സെബാസ്റ്റ്യൻ മദ്യലഹരിയിൽ ആയിരുന്നുവെന്നു പൊലീസ് പറയുന്നു. പന്നിയെ വെടിവെക്കാൻ വന്നതെന്ന് പൊലീസിനോടും ഇയാൾ പറഞ്ഞു. പരിശോധിച്ചതിൽ മൂന്ന് തിരകൾ കൂടി കീശയിൽ നിന്ന് കണ്ടെത്തി. തോക്കിനു ലൈസൻസ് ഇല്ലെന്നും വ്യക്തമായതോടെ റിട്ട എസ് ഐയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം