സൈബര്‍ പൊലീസ് അന്വേഷണത്തിനൊടുവിൽ ജയ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 

കല്‍പ്പറ്റ: നഗ്ന വീഡിയോ കോൾ വിളിച്ച് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിൽ യുവതിയെ വയനാട് സൈബര്‍ പൊലീസ് രാജസ്ഥാനില്‍ നിന്ന് പിടികൂടി. ടെലഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്നും അഞ്ചുലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്. രാജസ്ഥാനിലെ സവായി മദേപൂര്‍ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) എന്ന യുവതിയാണ് വലയിലായത്. സൈബര്‍ പൊലീസ് അന്വേഷണത്തിനൊടുവിൽ ജയ്പൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 

ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും സംഘവുമാണ് ഇവരെ വലയിലാക്കിയത്. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം തന്നെ തേടി രാജസ്ഥാന്‍ വരെ എത്തിയ ഞെട്ടലില്‍ യുവതി ഉടന്‍ യുവാവിന് തട്ടിയെടുത്ത പണം അയച്ചു നല്‍കിയെങ്കിലും പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പണം നഷ്ടപ്പെട്ടതോടെ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് ഏഴുമാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്. 

2023 ജൂലായിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത്. പണം സ്വീകരിക്കാന്‍ വ്യാജ രേഖകള്‍ നല്‍കി ബാങ്ക് എക്കൗണ്ടുകളും ഇതിനായി യുവതി തരപ്പെടുത്തിയിരുന്നു.

അപരിചിതരുടെ അക്കൗണ്ടുകളില്‍ നിന്നു വരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബര്‍ പൊലീസ് പറഞ്ഞു. എസ്ഐ. ബിനോയ് സ്‌കറിയ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ റസാഖ്, കെഎ സലാം, പിഎ ഷുക്കൂര്‍, അനീസ്, സിവില്‍ പൊലീസ് ഓഫീസര്‍ സി. വിനീഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

അര്‍ധനഗ്നയായ നിലയിൽ സ്ത്രീയുടെ മൃതദേഹം തോട്ടിൽ; സംഭവം പേരാമ്പ്രയിൽ, അന്വേഷണം തുടങ്ങി