നഗരമധ്യത്തില്‍ രാഷ്ട്രീയ ആക്രമണം നടത്തിയ കേസില്‍ മൂന്നാര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അടക്കം അഞ്ച് പേര്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 

മൂന്നാര്‍: നഗരമധ്യത്തില്‍ രാഷ്ട്രീയ ആക്രമണം നടത്തിയ കേസില്‍ മൂന്നാര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അടക്കം അഞ്ച് പേര്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് അംഗം മാര്‍ഷ് പീറ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി നെല്‍സന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് മുകേഷ്, എ ഐ വൈ എഫ് കമ്മറ്റിയംഗം കന്നിമല എസ്റ്റേറ്റില്‍ എം ഗണേഷന്‍, ദേവികുളം പഞ്ചായത്ത് അംഗവും സിപിഐ പ്രവര്‍ത്തകനുമായ പി. കാര്‍ത്തിക്ക് എന്നിവരാണ് മൂന്നാര്‍ എസ്എച്ച്ഒ മുമ്പാകെ ഇന്നലെ വൈകുന്നേരത്തോടെ കീഴടങ്ങിയത്. കഴിഞ്ഞ ഞയറാഴ്ചയാണ് മൂന്നാര്‍ ടൗണില്‍ പഞ്ചായത്ത് അംഗം കൂറുമാറിയതിനെ ചൊല്ലി സിപിഐ - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നാര്‍ പോലീസ് 35 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

കൂടുതല്‍ വായനയ്ക്ക്: മൂന്നാറിൽ സിപിഐ - കോൺഗ്രസ് സംഘര്‍ഷം, വഴിയോര കച്ചവടക്കാരുടെ സാധനങ്ങള്‍ പരസ്‍പരം വലിച്ചെറിഞ്ഞു

സി പി ഐ പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് മാറിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും മൂന്നാര്‍ തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു. ഒരുമാസം മുന്‍പ് സി പി ഐയിൽ ഉടലെടുത്ത ചില ആശയക്കുഴപ്പങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് അംഗം കോണ്‍ഗ്രസിലേക്ക് പോയത്. നേതാക്കളടക്കം ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പിന്‍മാറിയില്ല. കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ യോഗത്തില്‍ സി പി ഐക്കെതിരെ ഇയാള്‍ വിമര്‍ശനങ്ങള്‍ ഉന്നിയിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ കോണ്‍ഗ്രസ് - സി പി ഐ പ്രതിനിധികള്‍ തമ്മില്‍ സംഘര്‍മുണ്ടായി. ഈ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ടൗണില്‍ വച്ച് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.

കൂടുതല്‍ വായനയ്ക്ക്: നഗരമധ്യത്തിൽ സിപിഐ-കോൺഗ്രസ് ഏറ്റുമുട്ടൽ; പ്രമുഖ നേതാക്കളടക്കം 35 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്