കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് കരയ്ക്കടിഞ്ഞ ബോട്ടിലെ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ കൊല്ലകോട് സ്വദേശികളായ ഫ്രാൻസിസ്, ഡേവിസൺ, ബിനു, സെൽവദാസ്, ഷിബു എന്നിവരാണ് തിരികെ എത്തിയത്. ഇവർ സഞ്ചരിച്ച ബോട്ട് ഇന്നലെ രാത്രി 7 മണിക്ക് ശക്തമായ കാറ്റിൽ നെടുകെ പിളരുകയായിരുന്നു. മറ്റൊരു ബോട്ടിലാണ് ഇവർ ബേപ്പൂർ തുറമുഖത്ത് തിരിച്ചെത്തിയത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവർ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. ഇവർ സഞ്ചരിച്ച തകർന്ന ബോട്ട് ഇന്ന് പുലർച്ചെയാണ് കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞത്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ ശക്തിപ്പെട്ടത്. പാലക്കാട്, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മഴ കുറവാണ്. ഞായറാഴ്ച ഉച്ചയോടെയാണ് മിക്കയിടത്ത് മഴ ശക്തിപ്പെട്ടത്. ശക്തമായ മഴയില്‍ കോഴിക്കോട് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് പലയിടത്തും തകര്‍ന്നു. കഴിഞ്ഞ മഴയിലും ഈ റോഡ് തകര്‍ന്നിരുന്നു. 

Also Read: കേരളതീരത്ത് കടൽ പ്രക്ഷുബ്ധം; നിരവധി വള്ളങ്ങൾ തകർന്നു, മലപ്പുറത്ത് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി   

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കോട്ട് നീങ്ങുന്നതിനാലാണ് വടക്കൻ കേരളത്തിൽ കൂടുതലായി മഴയ്ക്ക് സാധ്യത. ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. തീരദേശത്ത് കടലാക്രമണവും കനത്ത കാറ്റും തുടരുകയാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.