കഴിഞ്ഞ ദിവസം സുരേഷും സുഹൃത്തും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തൃശൂര്‍: ലാലൂരില്‍ മധ്യവയസ്‌കനെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ലാലൂരില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്നതും ഇപ്പോള്‍ അരിമ്പൂര്‍ കൈപ്പിള്ളിയില്‍ താമസിക്കുന്ന പടിഞ്ഞറേപുരയക്കല്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ സുരേഷ് (51) ആണ് മരിച്ചത്. ലാലൂര്‍ ശ്മശാനത്തിന് സമീപത്തുള്ള പഴയ കാവല്‍ പുരയിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെയിന്റ് പണിക്കും ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്ന പണിക്ക് പോകുന്ന ആളാണ് സുരേഷ്. . ലാലൂര്‍ ശ്മശാനത്തിലെ ക്ലോക്ക് റൂമിലാണ് സുരേഷ് പലപ്പോഴും താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം സുരേഷും സുഹൃത്തും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ തര്‍ക്കമുണ്ടായി അടിപിടിയില്‍ കലശിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കാരണം വ്യക്തമാകു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ട് പേരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ലാലൂരില്‍ ജനിച്ചുവളര്‍ന്ന സുരേഷ് അരിമ്പൂര്‍ കൈപ്പിള്ളിയില്‍ താമസമാക്കിയെങ്കിലും ഏറിയ സമയവും ഇയാള്‍ ലാലൂരിലാണ് താമസം. ലാലൂര്‍ ശ്മശാനത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടത്തില്‍ സുഹൃത്തുക്കളോടൊപ്പം താമസവും സമയം കളയുകയുമാണ് പതിവ്. 

പ്രതികളുടെ പിതാവുമായി മരണപ്പെട്ട സുരേഷ് മദ്യപിക്കുകയും ചീട്ടുകളിക്കുകയും തുടര്‍ന്ന് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുരേഷ് പ്രതികളുടെ പിതാവിനെ മര്‍ദിച്ചു. മര്‍ദനമേറ്റ ആള്‍ പിന്നീട് ഇവിടെ നിന്നും പോവുകയും ചെയ്തു. ലാലൂരിലെ ഒരു സുഹൃത്തിന്റെ കുട്ടിയുടെ ജന്മദിന ആഘോഷങ്ങള്‍ക്ക് എത്തിയ പ്രതികള്‍ അച്ഛന് മര്‍ദനമേറ്റ വിവരം അറിയുകയായിരുന്നു. തുടര്‍ന്ന് സഹോദരങ്ങള്‍ ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ കിടക്കുകയായിരുന്ന സുരേഷിനെ മര്‍ദിച്ചുവെന്നാണ് വിവരം. 

രാവിലെ സുരേഷിന്‍റെ സുഹൃത്തുക്കള്‍ വന്നു നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഫോറന്‍സിക് വിഭാഗം വിരലടയാള വിദഗ്ധര്‍, തൃശൂര്‍ എ.സി.പി, വെസ്റ്റ് എസ്.എച്ച്.ഒ. എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുവേണ്ടി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയും പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ് മരിച്ച സുരേഷ്. വത്സലയാണ് അമ്മ. സഹോദരങ്ങള്‍: സുജീഷ്, സുനിത.