പ്രതി ബന്ധുവീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന 11 വയസുകാരിയായ വീട്ടിലേക്ക് അതിക്രമിച്ച് കയറി  ലൈംഗീകാതിക്രമം നടത്തി പീഡിപ്പിക്കുകയായിരുന്നു.

തൃശൂര്‍: പതിനൊന്ന് വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിന തടവും 60000 രൂപ പിഴയും. കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടില്‍ ശിവന്‍ (54) നെയാണ് പോക്സോ കേസിൽ കോടതി ശിക്ഷിച്ചത്. 2020ൽ ഡിസംബര്‍ 9ന് രാവിലെ 10.30ന് ബന്ധുവീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന 11 വയസുകാരിയായ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗീകാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കൊടകര പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവിജ സേതുമോഹന്‍ വിധി പ്രസ്താവിച്ചത് 

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളേയും 17 രേഖകളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. കൊടകര പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഷാജന്‍ പി.പി. രജിസ്റ്റര്‍ ചെയ്ത് ആദ്യ അന്വേഷണം നടത്തിയ കേസില്‍ സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന ജെയ്‌സണ്‍ ജെ. ആണ് തുടര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസികുൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ടി.ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിച്ചു. 

പോക്‌സോ നിയമപ്രകാരം 6 വര്‍ഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ 3 മാസത്തെ കഠിന തടവിനും കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമം 451 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ ഒരു മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. വിചാരണ മദ്ധ്യേ മറ്റൊരു പോക്‌സോ കേസില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ ആയിരുന്നു. പിഴ സംഖ്യ ഈടാക്കിയാല്‍ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും കൂടാതെ, അതിജിവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.