പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അമ്പത്തിയാറുകാരന് മൂന്ന് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. കോഴിക്കോട് മുതുകാട് സ്വദേശിയായ തോണക്കര സെബാസ്റ്റ്യനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
കോഴിക്കോട്: പേര്‍ഷ്യന്‍ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 56കാരന് തടവ് ശിക്ഷ. കോഴിക്കോട് മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യന്‍ എന്ന ഷിജു(56)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍ ശിക്ഷിച്ചത്. മൂന്ന് വര്‍ഷം കഠിനതടവിനും 10000 രൂപ പിഴ അടയ്ക്കാനുമാണ് വിധിച്ചത്. 2025 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ഇയാള്‍ അവിടെയെത്തുകയും പേര്‍ഷ്യന്‍ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഇവിടെ വച്ചാണ് പീഡനം നടന്നത്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടറായിരുന്ന എം. മനോജ്, എസ്.ഐ ജിതിന്‍ വാസ് എന്നിവരാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 11 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.


