കൂലിപ്പണിക്കാരനായിരുന്ന പിതാവ് മരണപ്പെടുക കൂടി ചെയ്തതോടെ കടുത്ത വിഷാദത്തിലായിരുന്ന പെണ്‍കുട്ടിക്കാണ് സ്കൂളിലെ ആഗ്രഹപ്പെട്ടി ശരിക്കും സമ്മാനപ്പെട്ടിയായത്.
തിരുവനന്തപുരം: ക്യാൻസർ ബാധിതനായ പിതാവിന്‍റെ ചികിത്സക്ക് പണം കണ്ടെത്താന്‍ വേണ്ടി ഓമന മൃഗത്തെ വിറ്റ അഞ്ചാം ക്ലാസുകാരിക്ക് ആഗ്രഹപ്പെട്ടി നല്‍കിയത് കിടിലന്‍ സമ്മാനം. കൂലിപ്പണിക്കാരനായിരുന്ന പിതാവ് മരണപ്പെടുക കൂടി ചെയ്തതോടെ കടുത്ത വിഷാദത്തിലായിരുന്ന പെണ്‍കുട്ടിക്കാണ് സ്കൂളിലെ ആഗ്രഹപ്പെട്ടി ശരിക്കും സമ്മാനപ്പെട്ടിയായത്. പാലോട് ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂളിലെ അഞ്ചാം ക്ലാസുകാരിയും ഇടിഞ്ഞാർ മങ്കയം സ്വദേശി ഷിബുവിന്റെ മകളുമായ അസ്‌ന സ്കൂളിലെ ആഗ്രഹപ്പെട്ടിയില്‍ നിക്ഷേപിച്ച കുറിപ്പില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.
'എന്റെ കൂട്ടുകാരിയായിരുന്നു കുഞ്ഞാറ്റ ആട്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ. എന്നാൽ വാപ്പയുടെ ചികിത്സക്ക് കാശ് തികയാതെ വന്നപ്പോൾ ഉമ്മ അവളെ വിറ്റു. കുഞ്ഞാറ്റയെ വിറ്റതോടെ വലിയ സങ്കടത്തിലാണ് ഞാൻ. എനിക്ക് ഒരു ആടിനെ വാങ്ങി നൽകാമോ'
സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും ആദിവാസി ഊരുകളിൽ നിന്ന് എത്തുന്നവരാണ്. പരിമിതികളിൽ നിന്ന് ജീവിതം കെട്ടിപ്പടുക്കുന്ന ഇവർക്ക് സ്കൂളിലെ ആഗ്രഹപ്പെട്ടി ആഗ്രഹങ്ങൾ സാധിച്ചു തരുന്ന മാജിക് പെട്ടിയാണ്. കുട്ടികളുടെ കുടുംബ സാഹചര്യങ്ങളും പരിമിതികളും നല്ലപോലെ അറിയുന്ന അധ്യാപകർ
കൈത്താങ്ങ് കൂട്ടായ്മയുടെ സഹായത്തോടെയാണ് സ്കൂളിൽ ഒരു പെട്ടി സ്ഥാപിച്ചത്. കുട്ടികൾ എഴുതിയിടുന്ന കുഞ്ഞു ആഗ്രഹൾ അധ്യാപകരും കൂട്ടായ്മയും ചേർന്ന് സാധിച്ചു നൽകും. അങ്ങനെയാണ് ഈ പെട്ടിക്ക് ആഗ്രഹപ്പെട്ടിയെന്ന് പേരിട്ടത്. പലപ്പോഴും ഈ പെട്ടി തുറക്കുമ്പോൾ സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ പല പല ആഗ്രഹങ്ങൾ കുട്ടികളുടെ ഭാഗത്തുനിന്ന് തങ്ങൾക്ക് ലഭിക്കാറുണ്ടെന്ന് കൂട്ടായ്മയിലുള്ളവർ പറയുന്നു. ഇതിൽ തങ്ങളെക്കൊണ്ട് സാധിക്കുന്ന ആഗ്രഹങ്ങൾ നിറ മനസ്സോടെ കൂട്ടായ്മ നിറവേറ്റി കൊടുക്കാറുണ്ട്.
അത്തരത്തിൽ കഴിഞ്ഞ ദിവസം പെട്ടി തുറന്നപ്പോഴാണ് അഞ്ചാം ക്ലാസുകാരി അസ്നയുടെ ആഗ്രഹം അധ്യാപകർ കണ്ടത്. കുട്ടിയുടെ വരികൾ കത്ത് വായിച്ച് ഏതൊരാളുടെയും മനസ്സിനെ തൊടുന്നതായിരുന്നു. ഇതോടെയാണ് കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെ അധ്യാപകർ തീരുമാനിച്ചത്. വാപ്പയുടെ വിയോഗം നന്നായി അലട്ടിയിരുന്ന അസ്നയെ പതിയെ സന്തോഷങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരാൻ വേണ്ടി കൈത്താങ്ങ് കൂട്ടായ്മയും അധ്യാപകരും പുതിയ ഒരു ആടിനെ വാങ്ങി നൽകുകയായിരുന്നു.
