ശനിയാഴ്ച വൈകിട്ട് കൊടുവള്ളി കിഴക്കൊത്തെ വീട്ടിൽ നിന്നും അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ സംഘം കർണാടകയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു.
കോഴിക്കോട് : തട്ടിക്കൊണ്ടുപോയ സംഘത്തിൽ 6 പേരാണ് ഉണ്ടായിരുന്നതെന്ന് കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷൻ. ആരും ഉപദ്രവിച്ചിട്ടില്ല. മൈസൂരുവിലേക്കാണ് തന്നെ കൊണ്ടുപോയത്. തിരികെ വിടുമ്പോൾ കാറിൽ രണ്ടു പേരായിരുന്നു ഉണ്ടായിരുന്നത്. താൻ ഉറങ്ങുന്നതിനിടെയാണ് ഇവർ കാറിൽ നിന്ന് ഇറങ്ങിപ്പോയത്. ടാക്സി ഡ്രൈവർക്ക് തട്ടിക്കൊണ്ടുപോകലിൽ പങ്കില്ലെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് പറയരുതെന്നാണ് പൊലീസ് പറഞ്ഞതെന്നും അന്നൂസ് റോഷൻ പ്രതികരിച്ചു.
തട്ടിക്കൊണ്ടു പോയി അഞ്ചു ദിവസത്തിന് ശേഷമാണ് മലപ്പുറം മോങ്ങത്തു വെച്ചു പൊലീസ് യുവാവിനെ കണ്ടെത്തിയത്. മൈസൂരുവിൽ പാർപ്പിച്ചിരുന്ന യുവാവിനെ പ്രതികൾ ടാക്സി കാറിൽ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് കൊടുവള്ളി കിഴക്കൊത്തെ വീട്ടിൽ നിന്നും അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ സംഘം കർണാടകയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു. പ്രതികൾ അന്നൂസുമായി മൈസുരുവിലെ രഹസ്യ കേന്ദ്രത്തിൽ എത്തിയെന്ന് വിവരം കിട്ടിയതിന് പിന്നാലെ പൊലീസ് സംഘവും സ്ഥലത്ത് തെരച്ചിൽ തുടങ്ങി. ഇതിനിടെ പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ കൂടി പുറത്തിറങ്ങിയതോടെയാണ് അന്നൂസ് റോഷനെ വിട്ടയക്കാൻ ഇവർ തീരുമാനിച്ചത്.
ടാക്സി കാറിൽ അന്നൂസുമായി കേരളത്തിലേക്ക് തിരിച്ച സംഘം പിടിക്കപ്പെടുമെന്ന് ഭയന്ന് പാലക്കാട് ഇറങ്ങി. അന്നൂസിനെ കാറിൽ കയറ്റി നാട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മോങ്ങത്ത് വെച്ച് പൊലീസ് കാർ കണ്ടെത്തി. അന്നൂസിന്റെ സഹോദരൻ അജ്മലുമായി പ്രതികൾകുള്ള സാമ്പത്തിക ഇടപാടുകൾ തന്നെയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ടാക്സി ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അന്നൂസ് റോഷനെ പൊലീസ് തന്നെ വീട്ടിലെത്തിച്ചു. അന്നൂസ് റോഷനെ കണ്ടെത്താൻ ആയതിൽ സന്തോഷമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജം ആക്കിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ടു മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


