രാഘവന്‍റെ വലതു വശത്തെ വാരിയെല്ലുകൾക്കാണ് പൊട്ടൽ സംഭവിച്ചത്. നിലത്ത് വീണ രാഘവന്‍റെ മുകളിലൂടെ കാട്ടാന കൂടുതൽ ഉപദ്രവിക്കാതെ പോയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.(പ്രതീകാത്മക ചിത്രം)

കൊച്ചി: എറണാകുളം പെരുമ്പാവൂർ വേങ്ങൂർ മേക്കപ്പാലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ (66) വയസ്സ് ആണ് പരിക്കേറ്റത് വാരിയെല്ലിന് പൊട്ടൽ ഏറ്റ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് റോഡിലൂടെ നടന്ന് പോവുകയായിരുന്ന രണ്ട് പേർക്ക് നേരെ അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 

രാവിലെ ആറുമണിക്ക് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുള്ള റോഡിലൂടെ നടക്കുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. വേങ്ങൂരിനോട് ചേർന്ന് മേക്കപ്പാല, പാണംകുഴി എന്നി വന മേഖലയോട് ചേർന്നാണ് സംഭവം. രാഘവന്‍റെ കൂടെയുണ്ടായിരുന്ന എൽദോസ് ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. മരത്തിന് പിറകിൽ തുമ്പിക്കൈ ഉയർത്തി ഇരുവരെയും ആക്രമിക്കാനാണ് ശ്രമിച്ചത് . 

ആന ചിഹ്നം വിളിച്ചെത്തിയതോടെ പരിഭ്രാന്തിയിൽ ഓടുന്നതിനിടെ രാഘവൻ വീണ് പോവുകയായിരുന്നു. രാഘവന്‍റെ വലതു വശത്തെ വാരിയെല്ലുകൾക്കാണ് പൊട്ടൽ സംഭവിച്ചത്. നിലത്ത് വീണ രാഘവന്‍റെ മുകളിലൂടെ കാട്ടാന കൂടുതൽ ഉപദ്രവിക്കാതെ പോയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഒരു മാസം മുൻപ് വരെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ വാച്ചർ ആയിരുന്നു രാഘവൻ.

Read More : ശാസ്ത്രീയ പഠനം വേണം, ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റരുത്: അരിക്കൊമ്പന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി