എല്‍ പി എസ് ടി നിയമനത്തിന് പിറകെ യു പി എസ് ടി, എച്ച് എസ് ടി നിയമനവും ഉടനെയുണ്ടാകും.

മലപ്പുറം: ഓണസമ്മാനമായി ജില്ലയിലെ 733 എല്‍ പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി എസ് ടി നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം ലഭിച്ചതും മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ പി രമേശ് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ഒരു ലിസ്റ്റില്‍ നിന്ന് ഇത്രയും കൂടുതല്‍ നിയമനങ്ങള്‍ ഒന്നിച്ച് നടത്തുന്നതും ഇതാദ്യമായാണ്. 

എല്‍ പി എസ് ടി നിയമനത്തിന് പിറകെ യു പി എസ് ടി, എച്ച് എസ് ടി നിയമനവും ഉടനെയുണ്ടാകും. ഇതുവരെയുള്ള ഒഴിവുകളെല്ലാം പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. പുതിയ അധ്യാപകര്‍ നിയമിക്കപ്പെടുന്നതോടെ താത്കാലിക അധ്യാപകര്‍ക്ക് ചുമതല ഒഴിയേണ്ടിവരും. അതേസമയം നിലവില്‍ നിയമനം ലഭിച്ച അധ്യാപകരില്‍ ഭൂരിഭാഗവും പി എസ് സി ലിസ്റ്റില്‍ ഉള്‍വരാണെന്നതും ശ്രദ്ധേയമാണ്. 

ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനാല്‍ നിലവില്‍ ജോലിചെയ്യുന്ന സ്‌കൂളുകളില്‍ തന്നെ അവര്‍ക്ക് തുടരാന്‍ കഴിയും. നിയമനം ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് ഓണാവധിയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാനാകും. അധിക തസ്തികകളുടെ എണ്ണത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ലയും മലപ്പുറമാണ്.

വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; മകൻ മരിച്ചു 

കൊല്ലം: ഏരൂരിൽ വീട്ടമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൻ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. പരിക്കേറ്റ വീട്ടമ്മയേയും മകളേയും പുനലൂര്‍ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കൾക്കൊപ്പം കിണറ്റിൽ ചാടിയത്. വീഴ്ച്ചയുടെ ആഘാതത്തിൽ അഖിൽ കിണറിന്റെ താഴ്ഭാഗത്തേക്കു പോയി. സുജാതയും മകളും കിണറിലുണ്ടായിരുന്ന ഒരു പൈപ്പിൽ പിടിച്ചു കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്. വീട്ടമ്മേയയും മകളേയും താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുനലൂരിൽ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്. കുടുംബവഴക്കാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടേയും മകൾ ആര്യയുടെയും മൊഴി കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു ഏരൂർ പൊലീസ് പറഞ്ഞു.