കോഴിക്കോട്: ഓള പരപ്പിൽ വിസ്മയങ്ങൾ തീർത്ത് ഏഴാമത് കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് പുലിക്കയത്ത് തുടക്കമായി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിനാണ് കോടഞ്ചേരി പുലിക്കയത്ത് ചാലിപ്പുഴയില്‍ തുടക്കമായത്.

മഴ മാറി നിന്നെങ്കിലും പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നതിനാല്‍ അല്‍പം വൈകിയാണ് മത്സരം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിശിഷ്ടാതിഥികള്‍ക്കായി റഷ്യന്‍ സ്വദേശി ഇവാന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ആശിഷ് പാണ്ഡേ, നയന്‍ റാവത്ത് എന്നിവര്‍ പങ്കെടുത്ത പ്രദര്‍ശന മത്സരം നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കയാക്കിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ നാഷണല്‍ കയാക്കിങ് മീറ്റില്‍ ജേതാവാണ് ആശിഷ് പാണ്ഡേ. 

ചാലിപ്പുഴയില്‍ 600 മീറ്റര്‍ നീളത്തില്‍ ഇടവിട്ട് ഏഴ് ഗേറ്റുകള്‍ സ്ഥാപിച്ചാണ് മത്സരം നടത്തുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കയാക്കിങ്ങിന് അനുയോജ്യമായ പുഴകള്‍ ഉെണ്ടങ്കിലും കാലാവസ്ഥയും ജലത്തിന്റെ ഊഷ്മാവും മത്സരത്തിന് ഏറ്റവും അനുയോജ്യമായത് കോടഞ്ചേരിയിലാണെന്നും ഓരോ വര്‍ഷവും ഇവിടേക്കെത്താന്‍ പ്രേരിപ്പിക്കുന്നത് ഇതാണെന്നുമാണ് മത്സരാര്‍ത്ഥികള്‍ ഏക സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോടഞ്ചേരി, തിരുവമ്പാ ടി ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് സംഘടിപ്പിക്കുന്നത്. 

മലബാറിന്റെ സാഹസിക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വേകുന്ന കയാക്കിംങ്  ചാമ്പ്യന്‍ഷിപ്പില്‍  ഇത്തവണ ഒമ്പത് വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പുരുഷ, വനിത താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരം മത്സരത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും 28 ന്  വൈകീട്ട് അഞ്ച് മണിക്ക് ഇരുവഞ്ഞി പുഴയിലെ പുല്ലൂരാം പാറയില്‍ ഇലന്തുകടവില്‍ നടത്തും. മത്സരത്തില്‍ വിജയിയാകുന്ന പുരുഷ താരത്തിന് റാപ്പിഡ് രാജ പട്ടവും വനിതാ താരത്തിന് റാപ്പിഡ് റാണി പട്ടവും ചടങ്ങില്‍ സമ്മാനിക്കും.