തെരുവുനായ ആക്രമണത്തില്‍ മൂന്നാം ക്ലാസുകാരിയായ ജാന്‍വിയയ്ക്ക് ഗുരുതര പരിക്കുകളാണേറ്റത്. പ്ലാസ്റ്റിക് സര്‍ജറി അടക്കമുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജാന്‍വിയ തിരികെ വീട്ടിലേക്ക് എത്തിയത്.
മുഴപ്പിലങ്ങാട്: തെരുവുനായകളുടെ ആക്രമണത്തിന് ഇരയായ മൂന്നാം ക്ലാസുകാരി ജാന്‍വിയയുടെ കരച്ചില്‍ മലയാളികള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ മാസം 19ന് നടന്ന തെരുവുനായ ആക്രമണത്തില്‍ മൂന്നാം ക്ലാസുകാരിയായ ജാന്‍വിയയ്ക്ക് ഗുരുതര പരിക്കുകളാണേറ്റത്. പ്ലാസ്റ്റിക് സര്‍ജറി അടക്കമുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജാന്‍വിയ തിരികെ വീട്ടിലേക്ക് എത്തിയത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ജാന്‍വിയയെ കഴിഞ്ഞ മാസം പത്തൊൻപതിനാണ് മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്ന് കടിച്ച് കീറിയത്. എട്ട് വയസുകാരിയുടെ നിലവിളി കേട്ട് കൃത്യസമയത്ത് അമ്മ ഓടിയെത്തിയതോടെയാണ് തലനാരിഴയ്ക്ക് ജാന്‍വിയ രക്ഷപ്പെട്ടത്. തെരുവുനായകള്‍ കടിച്ച് കീറി ഒരു മാസം പിന്നിട്ടിട്ടും ജാന്‍വിയയ്ക്ക് നടക്കാനായിട്ടില്ല.
സ്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ആക്രമണത്തിന്‍റെ നടുക്കം മാറിയിട്ടുമില്ല. ക്ലാസില്‍ പോയില്ലെങ്കിലും മൂന്നാം ക്ലാസിലെ ഒന്നാം പാഠം ഈ എട്ടുവയസുകാരി പഠിച്ചിട്ടുണ്ട്. കർഷകന്‍റെ കുഞ്ഞിനെ ചെന്നായ്ക്കളിൽ നിന്ന് കാത്ത ബില്ലുവെന്ന നായയുടെ കഥ. എന്നാല്‍ കഥയില്‍ അല്ലാത്ത നായകളോടുള്ള അവളുടെ ഭയം മാറിയിട്ടില്ല. കഥയിലെ നായ നല്ലതാണ് ബില്ലൂനെ പോലെ ആകണം നായകള്‍ എന്നാണ് ജാന്‍വിയ പറയുന്നത്.
സ്കൂളില്‍ പോകണം, നടക്കണം എന്നുള്ള ആഗ്രഹവും ജാന്‍വിയ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദമാക്കി. തെരുവുനായകളുടെ ആക്രമണത്തില്‍ കാലിലും തലയിലുമാണ് ജാന്‍വിയയ്ക്ക് ഗുരുതര പരിക്കേറ്റത്. മകളെ തെരുവുനായകള്‍ കടിച്ച് കീറിയ ദിവസത്തേ കുറിച്ച് ഓര്‍ക്കുന്നത് പോലും ജാന്‍വിയയുടെ അമ്മ ഷീജയ്ക്ക് വേദനയാണ്. മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ കാണുന്നത് നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് അനക്കമില്ലാതെ കിടക്കുന്ന ജാന്‍വിയയെ ആയിരുന്നു.
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് കയ്യിലും കാലിലും പരിക്ക്
ഓട്ടിസം ബാധിതനായ നിഹാലെന്ന പതിനൊന്നുകാരനെ നായ്ക്കൾ കടിച്ചുകീറി കൊന്നതിന് അധികം ദൂരെയല്ല ജാൻവിയുടെ വീടും. ചുറ്റുപാടും ഇപ്പോഴുമുണ്ട് നായ്ക്കൾ. കുട്ടികള്‍ കളിച്ചു വളരേണ്ടവരല്ലേ അവരെ എത്രയാണെന്ന് വച്ചാലാണ് വീട്ടില്‍ അടച്ചിടുകയെന്നാണ് ഈ അമ്മ ചോദിക്കുന്നത്. ഇത്തരം നായകളെ കൊല്ലുകയാണ് വേണ്ടതെന്നും ഷീജ പറയുന്നു.
