ഇടുക്കി: ഊഞ്ഞാലാടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് കെഡിഎച്ച്പി ഗുണ്ടുമല ലോവര്‍ ഡിവിഷനിലുള്ള വീട്ടിനു മുമ്പിലെ ഊഞ്ഞാലില്‍ കുട്ടിയെ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഗുണ്ടുമലയില്‍ എസ്റ്റേറ്റില്‍ കമ്പനി ഉദ്യോഗസ്ഥന്‍റെ മകളായ എട്ടു വയസ്സുകാരി അന്‍പരസിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുണ്ടുമലയിലെ കമ്പനി ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോട്ടയത്ത് എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.

മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സംശയം ബലപ്പെട്ടതോടെ ഇടുക്കി ജില്ലാ പോലീസ് മേധാവി ചൊവ്വാഴ്ച നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു. എസ്.പി യുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ അസ്വാവികതയുള്ളതായി കണ്ടെത്തിയതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ളത്.  മൂന്നാര്‍ ഡി.വൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പതിന്നൊന്ന് അംഗസംഘത്തിനാണ് അന്വേഷണ ചുമതല. ഉടുമ്പന്‍ചോല, രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളിലെ സബ് ഇന്‍സ്‌പെക്ടമാരും മറ്റു പോലീസുകാരും ഉള്‍പ്പെടുന്നതാണ് അന്വേഷണം സംഘം.