വീട്ടിലെ ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് : കോഴിക്കോട് മാവൂർ ചെറൂപ്പയിൽ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറൂപ്പ സ്വദേശി ബേബി (80) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവമുണ്ടായത്. വീട്ടിലെ ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹത ഇല്ലെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തലെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. 

തോട്ടപ്പള്ളി പൊഴിയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥിയെ കാണാതായി

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥിയെ കാണാതായി. കായംകുളം കൃഷ്ണപുരം പനയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും രാധാമണിയുടെയും ഏകമകന്‍ ദേവനാരായണനെയാണ് (19) ഒഴിക്കില്‍പ്പെട്ട് കഴിഞ്ഞദിവസം കാണാതായത്. മധുരയില്‍ ഫോറന്‍സിക് വിദ്യാര്‍ഥിയാണ്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു ദേവനാരായണന്‍. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ടോടെ പൊഴിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ മൂവരും അപകടത്തില്‍പ്പെടുകയായിരുന്നു.

ദേവനാരയണനൊപ്പം ഉണ്ടായിരുന്ന റിബിന്‍, ദിഖില്‍ എന്നിവരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എന്നാല്‍ ദേവനാരായണനെ രക്ഷിക്കാനായില്ല. ഇവര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ശക്തമായ ഒഴുക്ക് പ്രതിബന്ധം സൃഷ്ടിച്ചു. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിരിക്കുകയാണ്. ഇവരുടെ സഹായത്തിന് നേവിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരും എത്തിയിട്ടുണ്ട്.