പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 82 കാരൻ മരിച്ചു
ജൂലൈ 15 ന് രാവിലെ പൊള്ളേതൈയിൽ ആയിരുന്നു അപകടം സംഭവിച്ചത്
ചേർത്തല: പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര പാണാപടിക്കൽ സി എൻ ശിവദാസൻ പിള്ള (അങ്കു ചേട്ടൻ -82) ആണ് മരിച്ചത്. ജൂലൈ 15 ന് രാവിലെ പൊള്ളേതൈയിൽ ആയിരുന്നു അപകടം സംഭവിച്ചത്.
ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്കൂളിലെ ബസ് ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അബോധാവസ്ഥയിലായിരുന്നു. കഴിഞ്ഞ ആഴ്ച ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. പ്രീതികുളങ്ങര എൻ എസ് എസ് കരയോഗം സ്ഥാപക പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം