Asianet News MalayalamAsianet News Malayalam

'ലേശമല്ല... നല്ല വാട്ടമുണ്ടല്ലോ...'; ഫോർമാലിൻ ചേർത്ത 90 കിലോ മത്സ്യം പിടിച്ചെടുത്തു

വഴിച്ചേരി മാർക്കറ്റിൽ നിന്നും കേര, ചൂര വിഭാഗത്തിൽപ്പെട്ട 80 കിലോ ഗ്രാമും ബാപ്പുവൈദ്യൻ ജംഗ്ഷനിലെ രണ്ട് തട്ടിൽ നിന്നും 10 കിലോ ഗ്രാം കിളിമീനും ഫോർമാലിൻ കലർത്തിയ നിലയിൽ കണ്ടെത്തിയത്

90 Kgs of fish added formalin siezed
Author
Alappuzha, First Published Nov 6, 2021, 7:54 AM IST

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ഫോർമാലിൻ കലർത്തിയ 90 കിലോയോളം മീൻ അധികൃതർ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗംവും ഫിഷറീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വഴിച്ചേരി മാർക്കറ്റിൽ നിന്നും കേര, ചൂര വിഭാഗത്തിൽപ്പെട്ട 80 കിലോ ഗ്രാമും ബാപ്പുവൈദ്യൻ ജംഗ്ഷനിലെ രണ്ട് തട്ടിൽ നിന്നും 10 കിലോ ഗ്രാം കിളിമീനും ഫോർമാലിൻ കലർത്തിയ നിലയിൽ കണ്ടെത്തിയത്. ഇവ  പിടിച്ചെടുത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി ഉപയോഗരഹിതമാക്കി കുഴിച്ചിട്ടു.

ഹെൽത്ത് ഇൻസ്പെക്ടർ ആർ. അനിൽകുമാർ ജെഎച്ച്ഐമാരായ ഷംസുദ്ദീൻ, രഘു, അനീസ്, റിനോഷ് കൂടാതെ ഫുഡ് സേഫ്റ്റി ഓഫീസർമാരായ ജിഷാരാജ്, മീരാദേവി, ഫിഷറീസ് ഓഫീസർ എം. ദീപു എന്നിവർ പങ്കെടുത്തു. പരിശോധനകൾ തുടരുമെന്നും ഇനി പിടിക്കപ്പെടുന്നവർക്കെതിരെ കോടതിയുടെ അനുവാദത്തോടെ ക്രിമിനൽ കേസെടുക്കുവാനും ഇത്തരക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.

ശ്രദ്ധിച്ചറിയാം പഴക്കം

മത്സ്യത്തിൻ്റെ പഴക്കം കുറെയൊക്കെ നന്നായി ശ്രദ്ധിച്ചാൽ അറിയാം. രാസവസ്തുക്കളിൽ കുളിച്ചു വരുന്ന മീനിൻ്റെ മണം തന്നെയാണ് പ്രധാന സൂചന. സൂക്ഷ്മമായ നിറവ്യത്യാസവുമുണ്ടാകാം. വയറുപൊട്ടിയ മൽസ്യം, മത്തിയൊഴികെ, കേടായതാകാം. തൊലി മാംസത്തിൽ നിന്നു വിട്ട് വീർത്തിരിക്കുന്നതും പഴയകിയതിൻ്റെ ലക്ഷണമാണ്. പഴകിയ മത്സ്യത്തിൽ വിരലുകൊണ്ട് അമർത്തിയാൽ താഴ്ന്നുപോകും.

രാസവസ്തുക്കളിൽ ഇട്ടിട്ടുണ്ടെങ്കിൽ കണ്ണുകൾക്ക് ഇളം നീല നിറം കാണാം; അങ്ങിനെയുള്ള വലിയ മത്സ്യങ്ങൾ മുറിക്കുമ്പോഴും ഇങ്ങനെ ഇളം നീല നിറം കണ്ടിട്ടുണ്ട്. കൃത്രിമത്വം തോന്നിക്കുന്ന തിളക്കവും ഗന്ധവും രൂക്ഷഗന്ധവും ചീയുന്നതിൻ്റെ ഗന്ധവും ഒക്കെ ശ്രദ്ധിക്കേണ്ടതാണ്. നല്ല മീനാണെങ്കിൽ ചെകിള വിടർത്തി നോക്കിയാൽ ചുവന്ന നിറം കാണാം. കണ്ണുകളിൽ തിളക്കമുണ്ടാകും. മാംസത്തിൽ വിരൽ കൊണ്ടമർത്തി വിട്ടാൽ പെട്ടെന്ന് വലിഞ്ഞ് ദൃഢത കൈവരിക്കുന്നത് കാണാം. ലബോറട്ടറി പരിശോധനകളിലൂടെ മായം ഉറപ്പിക്കാനും എന്ത്, എത്ര അളവിൽ എന്നൊക്കെ അറിയാനും പറ്റും.

Follow Us:
Download App:
  • android
  • ios