പാലക്കാട് മണ്ണാർക്കാട് പൂട്ടിക്കിടന്ന ഗോഡൗണിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും നിർമ്മാണ മെഷിനറികളും പിടികൂടി. രാജസ്ഥാൻ സ്വദേശികളായ രണ്ട് ജോലിക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്: മണ്ണാർക്കാട് പൂട്ടി കിടന്ന ഗോഡൗണിൽ നിന്ന് ഒരു കോടി രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷിനറികളും പിടികൂടി. വക്കാടപുറം കരുവാരക്കാട് പൂട്ടി കിടന്ന ഗോഡൗണിലാണ് മണ്ണാര്‍ക്കാട് പൊലീസ് പരിശോധന നടത്തിയത്. കരുവാരക്കാട് തുമ്പക്കണ്ണി റോഡിൽ ഒഴിഞ്ഞ റബ്ബർ തോട്ടത്തിലെ അകത്തേക്ക് പൂട്ടി കിടന്ന ഗോഡൗണിൽ നിന്നും 67,500 പായ്ക്കറ്റ് ഹാൻസും ഒരു ലക്ഷത്തിലധികം വിമൽ പായ്ക്കറ്റുകളും 2548 തമ്പാക്ക് എന്നിവയും ഹാൻസും വിമലും നിർമ്മിക്കുന്ന മെഷിനറികളും ചാക്കുകളിലാക്കി പായ്ക്ക് ചെയ്യുന്ന മെഷീനും 700 കിലോ അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. 

സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ പ്രകാശ് (31), ഘനശ്യാം (39) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ ഗോഡൗണിലെ ജോലിക്കാരാണെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു കൊടിയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത് എന്ന് മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് പറഞ്ഞു. 

മണ്ണാർക്കാട് സിഐ രാജേഷ്, പ്രൊബേഷണൽ എസ്ഐ സുനിൽ, എഎസ്ഐമാരായ ശ്യാംകുമാർ, സീന, എസ്‍സിപിഒമാരായ അഷ്‌റഫ്‌, വിനോദ്, മുബാറഖലി, സിപിഒമാരായ റംഷാദ്, കൃഷ്ണകുമാരൻ, ഹേമന്ദ്, സ്പെഷ്യൽ ബ്രാഞ്ച് സഹദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.