ആലപ്പുഴ: മണൽത്തരികൾക്ക് നാവുകളുണ്ടായിരുന്നെങ്കിൽ ഉപജീവനത്തിനായി സ്വർണ്ണത്തരികൾ തിരയുന്ന വേണുവിന്റെ നൂറ് നൂറ് കഥകൾ വിളിച്ചുപറയുമായിരുന്നു. പന്തളം സ്വദേശി വേണു ഈ ലോക്ക് ഡൗൺ കാലത്തും   ഉപജീവനം കണ്ടെത്തുന്നത് മണൽത്തരികളിലെ സ്വർണ്ണത്തരികൾ തിരഞ്ഞുപിടിച്ചാണ്. 

14ാം വയസിൽ തുടങ്ങിയ മഞ്ഞലോഹത്തരികളെ തിരഞ്ഞുപിടിക്കൽ ജോലി 57ാം വയസിലും  തുടരുന്നു. കൊവിഡ് മഹാമാരി കാലത്തും  കടയുടെ മുൻപിലെ പാതയോരത്തെ മണൽത്തരികളിൽ തന്റെ അന്നത്തിനുള്ള വക ഉണ്ടായിരിക്കുമെന്നുള്ള പ്രതീക്ഷയിൽ മുന്നോട്ട് പോകുകയാണ് വേണു. 

ആറു മണിക്ക് തരുന്ന പ്രകിയ വൈകുന്നേരം നാല് മണി വരെ തുടരും. മുല്ലക്കൽ തെരുവിൽ നിന്നും ചാക്കുകളിൽ ശേഖരിക്കുന്ന മണൽ ഇരുമ്പുപാലത്തിന് സമീപമുള്ള കനാലിലെ ജലത്തിൽ അരിച്ചെടുത്താണ് സ്വർണ്ണം കണ്ടെത്തുന്നത്. കിട്ടുന്ന വിരലിലെണ്ണാവുന്ന സ്വർണ്ണത്തരികൾ ഉരുക്കി കടയിൽ കൊണ്ട് പോയി വില്പന നടത്തി അഷ്ടിക്കുള്ള വക കണ്ടെത്തും. 

മണ്ണ് ഒളിച്ച് വെച്ച സ്വർണ്ണത്തരികൾ വെളിപ്പെടുത്തി കൊടുക്കുന്ന ദിവസം വേണുവിന് ആയിരം രൂപ വരെ കിട്ടിയിട്ടുണ്ട്. ചിലപ്പോൾ അഞ്ഞൂറിൽ ഒതുങ്ങും. മറ്റ് ചിലപ്പോൾ പകലത്തെ അധ്വാനം മാത്രം മിച്ചമായി വെറും കയ്യോടെ വീട്ടിലേക്ക്  മടങ്ങേണ്ടി വരും. വേണുവിൻറെ കുടുംബം പന്തളത്താണ് താമസം .'മണ്ണ് കനിയുന്ന ദിവസം കിട്ടുന്ന കാശുമായി വേണു പന്തളത്തേക്ക് മടങ്ങും.