ഹരിപ്പാട് ദേശീയപാതയോരത്തെ തട്ടുകടയിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിത്തമുണ്ടായി. ചായ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ സിലിണ്ടറിലേക്ക് തീ പടരുന്നത് തടയുകയും വലിയൊരു ദുരന്തം ഒഴിവാക്കുകയും ചെയ്തു.

ഹരിപ്പാട്: നഗരമധ്യത്തിൽ ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകടയിലുണ്ടായ തീപിടിത്തം പ്രദേശവാസികളെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി. ചൈതന്യ കണ്ണാശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന പള്ളിപ്പാട് നടുവട്ടം സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയ്ക്കാണ് ഇന്ന് വൈകിട്ട് 4.30 ഓടെ തീപിടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടയ്ക്ക് പുറത്ത് ചായ തയ്യാറാക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച തട്ടിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം ചായ തയ്യാറാക്കുന്നതിനായി കടയിലെ ജീവനക്കാരൻ ഗ്യാസ് അടുപ്പ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ സിലിണ്ടറിന്റെ ട്യൂബിലുണ്ടായ ഗ്യാസ് ചോർച്ച ശ്രദ്ധയിൽപ്പെടുകയും പെട്ടെന്നുതന്നെ ട്യൂബിൽ നിന്നും തീ ആളിപ്പടരുകയുമായിരുന്നു.

തീ പടരുന്നത് കണ്ടയുടൻ ജീവനക്കാരനും നാട്ടുകാരും ചേർന്ന് ഹരിപ്പാട് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അതിവേഗം തീ നിയന്ത്രണവിധേയമാക്കി. സിലിണ്ടറിലേക്ക് തീ പടരുന്നതിന് മുൻപ് തന്നെ അണയ്ക്കാൻ സാധിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ കാരണമായത്.