വിവാഹവാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ബുധനൂർ എണ്ണയ്ക്കാട്ട് അമ്പാട്ട് പുത്തൻവീട്ടിൽ അനൂപിനെയാണ് (29) ചെങ്ങന്നൂർ ഡിവൈഎസ്‌പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മാന്നാർ(ആലപ്പുഴ): വിവാഹവാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ബുധനൂർ എണ്ണയ്ക്കാട്ട് അമ്പാട്ട് പുത്തൻവീട്ടിൽ അനൂപിനെയാണ് (29) ചെങ്ങന്നൂർ ഡിവൈഎസ്‌പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ ഉടൻ മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിയെ കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

യുവതിയുമായി ഇഷ്ടത്തിലായി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പ്രതി പിന്മാറുകയായിരുന്നു. സ്നേഹം നടിച്ച് യുവതി താമസിക്കുന്ന വാടക വീട്ടിലും പ്രതിയുടെ വീട്ടിലുമായി നിരവധി തവണ പീഡനത്തിനിരയാക്കി. വിവാഹാലോചനയിൽ നിന്നും പ്രതി പിന്മാറിയതോടെ മാനസികമായി തകർന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് സംഭവത്തെപ്പറ്റി പുറംലോകം അറിയുന്നതും, യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതും.

അനൂപിനെതിരെ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് ഒരു മാസം ആകാറായിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുകൾ സംശയിക്കുന്നതായി കാണിച്ച് യുവതിയുടെ പിതാവ് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പട്ടികജാതി വികസന മന്ത്രി, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പ്രതി പിടിയിലായത്.