മദ്യ കുപ്പികൾ നാട്ടുകാർ കൊണ്ടുപോയി. അവശേഷിച്ച മദ്യ കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കോഴിക്കോട്: ഫറോക്കിലെ നവീകരിച്ച പാലത്തില്‍ വീണ്ടും അപകടം. ഇന്ന് അപകടത്തില്‍പ്പെട്ടത് മദ്യം കയറ്റി വന്ന ലോറിയാണ്. മദ്യക്കുപ്പികളടങ്ങിയ കെയ്സുകള്‍ റോഡില്‍ വിണതോടെ നാട്ടുകാര്‍ക്ക് ചാകരയാവുകയും ചെയ്തു. ഫറോക്ക് പാലത്തില്‍ മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടത് പുലര്‍ച്ചെ ആറരയോടെയാണ്. മിനിട്ടുകള്‍ക്കകം സംഭവം നാട്ടില്‍ പാട്ടായി. അറിഞ്ഞവര്‍ അറിഞ്ഞവര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു.

YouTube video player

കയ്യില്‍ ചെറുസഞ്ചി മുതല്‍ ബിഗ്ഷോപ്പര്‍ വരെ കരുതിയിരുന്നു പലരും. റോഡില്‍ ഗതാഗതകുരുക്ക് കണ്ട് കാര്യമന്വേഷിച്ചെത്തിയവരും ഞെട്ടി. മദ്യക്കുപ്പികളുടെ കൂമ്പാരം തന്നെയുണ്ട് റോഡില്‍. ഫുള്ളു വേണോ ഹാഫ് വേണോ എന്ന് മാത്രമായിരുന്നു പലരുടെയും കണ്‍ഫ്യൂഷന്‍. വിലകൂടിയ മദ്യം സമയം കളയാതെ കൈക്കലാക്കുന്ന തിരക്കിലായിരുന്നു മറ്റ് പലരും. പൊലീസെത്തുമ്പോഴേക്കും മുക്കാല്‍ ഭാഗം മദ്യക്കുപ്പികളും പലരുടേയും വീടുകളിലേക്കെത്തിയിരുന്നു. 

ലോറി പാലത്തിന്‍റെ മുകള്‍ഭാഗത്ത് ഇടിച്ചാണ് അപകടം. അമ്പത് കെയ്സോളം മദ്യക്കുപ്പികള്‍ റോഡില്‍ തെറിച്ചു വീണു. നിര്‍ത്താതെ പോയ ലോറി കണ്ടെത്താനായി പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത മദ്യക്കുപ്പികളെ കുറിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അനധികൃതമായി മദ്യം കടത്തിയതാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. എക്സൈസ് നടത്തിയ പരിശോധനയില്‍ മദ്യം പഞ്ചാബിലെ ഡിസ് ലറിയില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി.