നിർമ്മാണത്തിലിരിക്കെ മാസങ്ങൾക്ക് മുൻപുണ്ടായ മഴയിൽ തകർന്ന ബൈപ്പാസിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുന്നക്കുളം ഭാഗത്തെ റോഡ് അടച്ച അധികൃതർ വാഹനങ്ങളെ ഇവിടെ നിന്ന് സർവ്വിസ് റോഡ് വഴിയാണ് കടത്തിവിടുന്നത്. 

തിരുവനന്തപുരം: കാേവളം - കാരാേട് ബെെപാസിൽ ഗതാഗതം തടഞ്ഞ് വാഹനങ്ങൾ വഴി തിരിച്ച് വിടാൻ നിരത്തിയിരുന്ന കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. പുറത്തെടുക്കാൻ പറ്റാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്കിന്റെ ഉടമസ്ഥനായുള്ള അന്വേഷണം വിഴിഞ്ഞം പൊലീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന സംഭവത്തിൽ പരാതിയുമായി ആരുമെത്താത്തതിലും ദുരൂഹത. ബൈക്ക് റേസിംഗ് ഏറെ നടക്കുന്ന കോവളം- കാരോട് ബൈപ്പാസിൽ പുന്നക്കുളത്തിന് സമീപമാണ് അപകടം. 

നിർമ്മാണത്തിലിരിക്കെ മാസങ്ങൾക്ക് മുൻപുണ്ടായ മഴയിൽ തകർന്ന ബൈപ്പാസിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുന്നക്കുളം ഭാഗത്തെ റോഡ് അടച്ച അധികൃതർ വാഹനങ്ങളെ ഇവിടെ നിന്ന് സർവ്വിസ് റോഡ് വഴിയാണ് കടത്തിവിടുന്നത്. ഓട നിർമ്മിക്കുന്നതിനായുള്ള കൂറ്റൻ സിമന്റ് സ്ലാബ് കൊണ്ട് ബൈപ്പാസ് അടച്ച് അപകട സൂചനയും നൽകിയിരുന്നു. ഈ സ്ലാബിനുള്ളിൽ ബൈക്ക് തല കീഴായി വീണ് കിടപ്പുണ്ടെങ്കിലും ഓടിച്ച ആളിനെ ക്കുറിച്ച് യാതൊരറിവുമില്ലെന്നാണ് പൊലീസ് പറയുന്നത്. 

മത്സര ഓട്ടത്തിനിടയിൽ പരസ്പരമുള്ള കൂട്ടിയിടിയിൽ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായതും സായാഹ്ന സവാരി നടത്തിയ ആളെ മത്സര ഓട്ടക്കാർ ഇടിച്ച് വീഴ്ത്തിയതുൾപ്പെടെ നിരവധി സംഭവങ്ങൾ അരങ്ങേറിയത് ഇതിനും കഷ്ടിച്ച് ഇരുന്നൂറ് മീറ്റർ മാറിയായിരുന്നു. മരണപ്പാച്ചിലുകാരെ പിടികൂടാൻ എത്തുന്ന പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ഉപയോഗിക്കുന്ന മാർഗ്ഗത്തിലാണ് ദുരൂഹതയേറിയ ബൈക്ക് കിടക്കുന്നത്. 

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; ഒരു മൃതദേഹം കൂടി കണ്ടെത്തി

പത്തടിയോളം പൊക്കമുള്ള സ്ലാബിനുള്ളിൽ പതിക്കണമെങ്കിൽ ബൈക്ക് അമിത വേഗത്തിലായിരിക്കാമെന്നും വിഴിഞ്ഞം പൊലീസ് പറയുന്നു. കോവളം മുതലുള്ള ബൈപ്പാസ് മേഖല മത്സര വാഹന ഓട്ടക്കാരുടെയും ലഹരികടത്തുകാരുടെയും കേന്ദ്രമാണെന്ന് നാട്ടുകാരും പറയുന്നു. അപകടങ്ങൾ പതിവാകുമ്പോൾ നിയമ ലംഘകരെ പിടികൂടാൻ വിഴിഞ്ഞം, കോവളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങി വാഹനങ്ങൾ പിടികൂടിയശേഷം പിഴയടച്ച് വിട്ടയക്കുകയാണ് പതിവ്.