ഇടുക്കി: വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കുന്നതിനിടെ രാജമലയിൽ കാട്ടാന ഇറങ്ങി. ആനയെക്കണ്ട് സഞ്ചാരികള്‍ ചിതറിയോടിയതോടെ പാർക്ക് ഒരുമണിക്കൂറോളം അടച്ചിട്ടു. ഉച്ചക്ക് 2 മണിയോടെയാണ് മൂന്നാർ - മറയൂർ അന്തർ സംസ്ഥാന പാതയിലൂടെ ഒറ്റയാന എത്തിയത്. നാട്ടാനയെന്ന് കരുതി പലരും റോഡിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല. 

വനം വകുപ്പ് ജീവനക്കാർ കാട്ടാനയാണെന്ന് സന്ദർശകരെ അറിയിച്ചതോടെ പലരും സമീപത്തെ വനംവകുപ്പിന്‍റെ കെട്ടിടങ്ങളിൽ അഭയം തേടി. ടിക്കറ്റ് കൗണ്ടറിൽ നിന്നിരുന്നവരെ ജീവനക്കാർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

കഴിഞ്ഞ ദിവസം നയമക്കാട് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് ബുധനാഴ്ച ഉച്ചയോടെ പാർക്കിലെത്തിയത്. ഒരു മണിക്കൂറോളമാണ് ഇരവികുളം ദേശീയോദ്യാനത്തിന്‍റെ അഞ്ചാംമൈൽ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് ആന നിലയുറപ്പിച്ചത്. ആന കാടു കയറിയതോടെയാണ് പാർക്ക് വീണ്ടും തുറന്നത്.