സാധാരണ ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറിന് നല്‍കേണ്ട വാടക 50 രൂപയാണ്. ഒരുദിവസത്തിന് 750 രൂപയും അര ദിവസത്തിന് 500 രൂപയുമാണ് വാടക. വാഹനം ഒരാഴ്ച കൈയില്‍ വെക്കാന്‍ 3,800 രൂപ നല്‍കണം.
മലപ്പുറം: റെയില്‍വേ സ്റ്റേഷനുകളില്‍ ഇരുചക്ര വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയായ 'റെന്റ് എ ബൈക്ക് പദ്ധതി തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും ആരംഭിച്ചു. റെയില്‍വേയുടെ പദ്ധതി കൂടിയായ ഇതില്‍ പ്രീമിയം ഗണത്തില്‍പ്പെട്ട ബൈക്ക് മുതല്‍ സാധാരണ സ്‌കൂട്ടര്‍ വരെ ലഭ്യമാണ്. ഇ-സ്കൂട്ടറുകളുമുണ്ട്. സാധാരണ ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറിന് നല്‍കേണ്ട വാടക 50 രൂപയാണ്. ഒരുദിവസത്തിന് 750 രൂപയും അര ദിവസത്തിന് 500 രൂപയുമാണ് വാടക. വാഹനം ഒരാഴ്ച കൈയില്‍ വെക്കാന്‍ 3,800 രൂപ നല്‍കണം. മാസം 7,500 രൂപ യാണ് വാടക.
പ്രീമിയം ബൈക്കുകള്‍ക്ക് തരമനുസരിച്ച് വാടകയും കൂടും. വണ്ടിക്കൊപ്പം ഒരു ഹെല്‍മറ്റ് സൗജന്യമായി ലഭിക്കും. മറ്റൊരെണ്ണം വേണമെങ്കില്‍ അധികമായി 50 രൂപകൂടി നല്‍കണം. ഇ-സ്‌കൂട്ടറാണെങ്കില്‍ ഫുള്‍ ചാര്‍ജില്‍ നല്‍കും. വാഹനം ലഭിക്കാന്‍ ആധാര്‍ കാര്‍ഡും ലൈസന്‍സുമാണ് നല്‍കേണ്ടത്. കൂടാതെ സ്‌കൂട്ടറിന് 1,000 രൂപയും ബൈക്കുകള്‍ക്ക് 2,000 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി അടക്കുകയും വേണം. എന്നാല്‍, ഈ തുക വണ്ടി തിരിച്ചേല്‍പ്പിച്ച് അടുത്ത ദിവസം ഓണ്‍ലൈനായി തിരികെ നല്‍കും. വാഹനങ്ങള്‍ക്കു പിഴ വന്നിട്ടുണ്ടെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റില്‍നിന്ന് ഈടാക്കുകയും ചെയ്യും.
ഓടുന്ന വഴി മെക്കാനിക്കല്‍ പ്രശ്നങ്ങള്‍ വന്നാല്‍ പദ്ധതി നടത്തുന്ന കരാറുകാര്‍ തന്നെ വാഹനം ശരിയാക്കും. നിലവില്‍ ഇവിടെ 30 വണ്ടികളുണ്ട്. എട്ടു വണ്ടികള്‍കൂടി ഉടന്‍ എത്തിക്കും. പദ്ധതി തുടങ്ങിയ ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിലാണ് പദ്ധതിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 17 റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി ആരംഭിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും തിരുരിനൊപ്പം പദ്ധതി തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ പരപ്പനങ്ങാടിയിലും റെന്റ് എ ബൈക്ക് പദ്ധതി ഉടന്‍ തുടങ്ങും.
ഇതിന് പുറമെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ മള്‍ട്ടി പര്‍പ്പസ് ഷോറും തുടങ്ങിയിട്ടുണ്ട്. ട്രെയിനിറങ്ങി വീട്ടില്‍ പോകുന്നവര്‍ക്കു പലചരക്ക് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യം വെക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലാണ് ഷോറും ഉള്ളത്. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമിലും ഉടന്‍ തുടങ്ങും. മറ്റു റെയില്‍വേ സ്റ്റേഷനുകളിലും ഉടന്‍ മള്‍ട്ടി പര്‍പ്പസ് ഷോറുമുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.


