മാന്നാര്‍: നോമ്പ് കഞ്ഞി തയ്യാറാക്കുന്ന തിരക്കിലാണു അബ്ദുല്‍ സമദ്. റംസാനിലെ നോമ്പ് പോലെ തന്നെ പുണ്യം നിറഞ്ഞതാണ് നോമ്പ് തുറയും. പള്ളികളിലെ നോമ്പ് തുറയിലെ സ്‌പെഷ്യല്‍ വിഭവമാണ് നോമ്പ് കഞ്ഞി. റംസാന്‍ വ്രതം ആരംഭിച്ചതോടെ അബ്ദുല്‍ സമദിന്‍റെ കൈപുണ്യം രുചിച്ചറിഞ്ഞവര്‍ ഈ സ്‌പെഷ്യല്‍ നോമ്പ് കഞ്ഞിക്കായി ദിവസവും പാവുക്കര ജുമാ മസ്ജിദില്‍ എത്തിച്ചേരും.

പാചക രംഗത്ത് കാല്‍ നൂറ്റാണ്ടിലേറെയായി അബ്ദുല്‍ സമദ് പ്രവര്‍ത്തിക്കുന്നുണ്ട്. മാന്നാറിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന അബ്ദുല്‍ സമദ് നോമ്പ് കാലമായാല്‍ ഒരു മാസത്തെ അവധിയെടുത്താണു നോമ്പ് കഞ്ഞി വെക്കാനായി എത്തുന്നത്.

കഞ്ഞിക്ക് വേണ്ടിയുള്ള ജോലികള്‍ ഉച്ചയോടെയാണ് ആരംഭിക്കുന്നതെങ്കിലും നോമ്പുകാര്‍ക്ക് മഗ്‌രിബ് നിസ്‌കാര ശേഷമുള്ള ഭക്ഷണങ്ങളും തയ്യാറാക്കുന്നത് അബ്ദുല്‍ സമദ് തന്നെയാണ്. അതിനാല്‍ രാവിലെ തന്നെ അബ്ദുല്‍ സമദ് തന്‍റെ ജോലികള്‍ ആരംഭിക്കും. 

നാലുമണി കഴിയുമ്പോള്‍ അബ്ദുല്‍ സമദിന്‍റെ സ്‌പെഷ്യല്‍ നോമ്പുകഞ്ഞി തയ്യാറായിട്ടുണ്ടാവും. അസര്‍ നമസ്‌കാര ശേഷം ഏതാണ്ട് നാലരയാകുമ്പോള്‍ കഞ്ഞി വാങ്ങുവാനായി ആളുകള്‍ വീടുകളില്‍ നിന്നും എത്തിതുടങ്ങും. നാനാ ജാതി മതസ്ഥരും ഈ നോമ്പുകഞ്ഞി വാങ്ങാനായി പള്ളിയിലേക്കെത്തും. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ആശാളി, ഉലുവ, ജീരകം, ചുമന്നുള്ളി, മഞ്ഞള്‍, ഉപ്പ്, കറിവേപ്പില, തേങ്ങ തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ചേരുവകള്‍ ചേര്‍ന്ന കഞ്ഞി കുടിക്കുമ്പോള്‍ തന്നെ ശരീരവും മനസും നിറയും. 

 പഴയ കാലത്ത് വീടുകളില്‍ നിന്നും കഞ്ഞി ഉണ്ടാക്കി പള്ളിയിലേക്ക് കൊണ്ട് വരികയായിരുന്നു. പിന്നീട് പള്ളിയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പള്ളിയില്‍ തന്നെ കഞ്ഞി ഉണ്ടാക്കി തുടങ്ങുകയായിരുന്നുവെന്നും അബ്ദുല്‍ സമദ് പറയുന്നു.