എടവണ്ണയില്‍ ഫര്‍ണിച്ചര്‍ ഷെഡ് നടത്തുന്ന മമ്പാട് സ്വദേശി കാമ്പ്രത്ത് ഷാജഹാനെ കാറിലെത്തിയ സംഘം മുഖംമൂടി ധരിച്ച് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും പട്ടികയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷാജഹാന്റെ ഇരുകാലുകളുടെയും എല്ലുകള്‍ക്ക് പൊട്ടലേറ്റിരുന്നു.

വണ്ടൂര്‍: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കൂടി പിടിയില്‍. മുക്കം ആനയാംകുന്ന് സ്വദേശി പുതിയോട്ടില്‍ അര്‍ഷാദ് (29) ആണ് വണ്ടൂര്‍ പൊലീസിന്റെ പിടിയിലായത്. മുക്കത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 18ന് രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം. എടവണ്ണയില്‍ ഫര്‍ണിച്ചര്‍ ഷെഡ് നടത്തുന്ന മമ്പാട് സ്വദേശി കാമ്പ്രത്ത് ഷാജഹാനെ കാറിലെത്തിയ സംഘം മുഖംമൂടി ധരിച്ച് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും പട്ടികയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഷാജഹാന്റെ ഇരുകാലുകളുടെയും എല്ലുകള്‍ക്ക് പൊട്ടലേറ്റിരുന്നു.

സംഭവത്തിന് നാല് ദിവസം മുമ്പ് ഷാജഹാന്റെ ബന്ധുവിനെ കേസിലെ പ്രതികളായ വഫീദും വിജീഷും ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ ഷാജഹാന്‍ മുന്‍കൈയെടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നിസാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആക്രമിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി. കാപ്പ കേസ് പ്രതിയായ എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടന്‍ നിസാം, എടവണ്ണ സ്വദേശികളായ പുത്തന്‍വീട്ടില്‍ വഫീദ് (25), പുതുക്കോടന്‍ വിജീഷ് (29), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അമല്‍ (28) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അര്‍ഷാദിന്റെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈ.എസ്.പി കെ. റഫീഖിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നത്. 2021ല്‍ രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുണ്ടായ വാഹന ചേസിങ്ങിനിടെ അഞ്ചുപേര്‍ മരിച്ച കേസിലും അര്‍ഷാദ് ഉള്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ജാഫര്‍, സുനിത, സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ്, ജിയോ ജേക്കബ്, പി. സജീഷ്, സി.കെ. സജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.