കൂടുതൽ കച്ചവടം നടക്കുന്ന സ്ഥലത്ത് എത്തിക്കാം എന്ന് പറഞ്ഞാണ് പെൺകുട്ടികളെ ഇയാൾ വാഹനത്തിൽ കയറ്റിയത്. വാഹനം ഓടിക്കുന്നതിനിടെ ഇയാൾ കത്തികാട്ടി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവർ ബഹളം വെച്ചതോടെ വൈകുന്നേരം 4.45യോടെ തടിയൂർ എന്ന സ്ഥലത്ത് ഇറക്കിവിട്ടു.
പത്തനംതിട്ട: വീടുകയറി ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പുറമറ്റം വെണ്ണിക്കുളം ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (30) ആണ് പിടിയിലായത്. അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആയുർവേദ ഉത്പന്നങ്ങൾ വീടുകൾതോറും കയറിയിറങ്ങി വിൽപ്പന നടത്തുന്ന 18 വയസ്സുള്ള വയനാട് സ്വദേശിനിയും 20 വയസ്സുള്ള റാന്നി സ്വദേശിനിയും ആയ രണ്ട് യുവതികളെയാണ് ഇയാൾ നിർബന്ധിച്ച് വാഹനത്തിൽ കയറ്റി പലയിടങ്ങളിലായി കറങ്ങി നടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവതികളെ പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തു നിന്നുമാണ് പ്രതി നിർബന്ധിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയത്. കൂടുതൽ കച്ചവടം നടക്കുന്ന സ്ഥലത്ത് എത്തിക്കാം എന്ന് പറഞ്ഞാണ് പെൺകുട്ടികളെ ഇയാൾ വാഹനത്തിൽ കയറ്റിയത്. വാഹനം ഓടിക്കുന്നതിനിടെ ഇയാൾ കത്തികാട്ടി പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവർ ബഹളം വെച്ചതോടെ വൈകുന്നേരം 4.45യോടെ തടിയൂർ എന്ന സ്ഥലത്ത് ഇറക്കിവിട്ടു.
ഇതിന് പിന്നാലെ യുവതികൾ രാത്രിയോടെ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. യുവതികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. മുൻപും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. വടശ്ശേരിക്കര സ്വദേശിനിയെ ഇത്തരത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞ ആളാണ്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.


