തെറ്റായ ദിശയിൽ വന്ന കാർ ഇടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണ പാനുണ്ട സ്വദേശി വിഷ്ണു (20) മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണൂര്‍: കതിരൂരിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നു. ഫെബ്രുവരി 17 ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കതിരൂർ ടൗണിൽ വച്ച് അപകടം നടന്നത്. തെറ്റായ ദിശയിൽ വന്ന കാർ ഇടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണ പാനുണ്ട സ്വദേശി വിഷ്ണു (20) മരണപ്പെട്ടിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇതിനിടെ കൊച്ചിയില്‍ ഇന്ന് കേബിൾ കുരുങ്ങി അപകടം ഉണ്ടായതും നാടിനെ ഞെട്ടിച്ചു. ബൈക്ക് യാത്രികനായ അഭിഭാഷകന്‍റെ കഴുത്തിൽ കേബിൾ കുടുങ്ങുകയായിരുന്നു. ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്ക് പറ്റി. രാവിലെ ആറ് മണിക്ക് എം ജി റോഡിലായിരുന്നു അപകടം. പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന്‍റെ എല്ലിന് പൊട്ടലുമുണ്ട്.

അതേസമയം, അപകടം തുടര്‍ക്കഥയായിട്ടും തിരുവനന്തപുരം തിരുവല്ലത്ത് നടപടിയൊന്നും ഉണ്ടാവാത്തതില്‍ കനത്ത പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. തിരുവല്ലം കോവളം ബൈപാസ് റോഡിൽ മാസങ്ങൾക്ക് ഉള്ളിൽ പൊലിഞ്ഞത് 11 ജീവനുകളാണ്. ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ തിരുവല്ലം ജംഗ്ഷന് സമീപം ബൈക്കിന് പിന്നിൽ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് യുവാവ് മരണപ്പെട്ടിരുന്നു. പൂന്തുറ അമ്പലത്തറ സീന്ത് മഹലിൽ നിസാമുദ്ദീൻ (33) ആണ് മരിച്ചത്. കോവളത്തു പോയി മടങ്ങുകയായിരുന്ന നിസാമിന്റെ ബൈക്കിനു പിന്നിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു എന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

ഗുരുതര പരിക്ക് പറ്റിയ നിസാമുദ്ദീനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച്ച പുലർച്ചെ മരിക്കുകയായിരുന്നു. തിരുവല്ലം, പാച്ചല്ലൂർ–തോപ്പടി ഭാഗങ്ങളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അപകടങ്ങൾ തുടർച്ചയായി നടക്കുന്നത്. പ്രദേശത്ത് തെരുവു വിളക്കുകൾ ഇല്ലാത്തതും വാഹനങ്ങളുടെ അമിതവേഗവും വരുത്തി വെയ്ക്കുന്ന അപകടങ്ങൾ തുടർകഥ ആയിട്ടും ബന്ധപ്പെട്ടവർ വേണ്ട നടപടികൾ കൈകൊള്ളാത്തതിൽ നാട്ടുകാർക്കിടയിൽ അമർഷം ഉയരുന്നുണ്ട്.

'ബിജുവിനുള്ളത് ഒരേക്കർ, 20 വർഷമായി കൃഷിക്കാരൻ'; സംഘത്തിനൊപ്പം ചേര്‍ന്നതിലും കൃത്യമായ പ്ലാനിംഗ്