കായംകുളം: പട്ടാപ്പകല്‍  നഗരത്തിലെ തേയില വ്യാപാര സ്ഥാപനത്തില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. കണ്ണൂര്‍ എടയക്കാട് തോട്ടടക്കര റോഡില്‍ റോഷിഹൗസില്‍ മുഹമ്മദ് സാജിദാ(47)ണ് അറസ്റ്റിലായത്. 

ഭാര്യയുമായി പിണങ്ങി എറണാകുളം കലൂരിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഇയാള്‍ വന്ന കാറിന്റെ ഉടമയെ കുറിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കാര്‍  ഭാര്യയുടെ പേരിലാണെങ്കിലും മുഹമ്മദ് സാജിദാണ് ഉപയോഗിച്ചിരുന്നത്. കാറിനെ കുറിച്ച് എല്ലാ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസ് ഇയാളെ രാത്രി ഏഴു മണിക്ക് ഫ്ളാറ്റില്‍ നിന്ന് പിടികൂടി. 12 മണിയോടെ കായംകുളം പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.  

പോലീസ് സ്റ്റേഷന് സമീപം മുക്കവലയിലുളള പ്രഭാകരന്‍ ടീ മര്‍ച്ചന്റ് എന്ന തേയില വ്യാപാര സ്ഥാപനത്തില്‍ നിന്നും ചൊവ്വാഴ്ച മൂന്നു മണിയോടെയായിരുന്നു മോഷണം. സമീപത്തെ കടകളില്‍  നിന്നും ഇയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മോഷണത്തിനുശേഷം അല്‍പ്പം മാറി റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവസമയം കടയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. കട ഉടമ പ്രഭാകരന്‍ മാത്രമേ കടയിലുണ്ടായിരുന്നുള്ളൂ. ഇയാള്‍ ആദ്യം കടയിലെത്തി 50 ഗ്രാം തേയില വാങ്ങി 500 രൂപയുടെ നോട്ടു നല്‍കി. പ്രഭാകരന്‍ മേശ തുറന്നു ബാക്കി നല്‍കി. കടയില്‍ നിന്നും പോയ ഇയാള്‍ അല്‍പ്പസമയത്തിന് ശേഷം മടങ്ങി വന്ന് 100 ഗ്രാം തേയില കൂടി ആവശ്യപ്പെട്ടു. ഇതെടുക്കാന്‍ പ്രഭാകരന്‍ കടയുടെ ഒരു ഭാഗത്തേക്കു മാറിയപ്പോള്‍ ഇയാള്‍ മേശ തുറന്ന് പണം എടുത്തു.

ഇതിന് ശേഷം ഒരു കിലോ തേയില കൂടി വേണമെന്നും പോയിട്ട് ഉടന്‍ മടങ്ങി വരാമെന്നും പറഞ്ഞ് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. മോഷ്ടാവ് മേശയില്‍ കൈ ഇടുന്നത് കണ്ട എതിര്‍വശത്തെ കച്ചവടക്കാരന്‍ എത്തിയപ്പോഴേക്കും ഇയാള്‍ കാറില്‍ കയറി കടന്നുകളഞ്ഞു. അടുത്ത കടക്കാര്‍ സംഭവം പറഞ്ഞതോടെ പ്രഭാകരന്‍ മേശ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസ് എത്തി. തുടര്‍ന്ന് നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

2014 ല്‍ പയ്യോളിയില്‍ ഒരു കടയില്‍ നിന്നും സമാന സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കൊച്ചിയില്‍ ടൂറിസ്റ്റ് ഗൈഡായും ഇയാള്‍ ജോലി ചെയ്തു വന്നിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ വിനോദ് , എസ് ഐ ഷാരോണ്‍, എസ് ഐ മാരായ സാമുവല്‍, നിവിന്‍, എ എസ് ഐ ജ്യോതികുമാര്‍, ബിനു, രാജേഷ്, റജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.