ഭർത്താവ് ഭാര്യയെ മർദിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തൃത്താലയിൽ കയ്യേറ്റം ചെയ്ത പ്രതി പിടിയിലായി. പൊലീസിനെ ആക്രമിച്ച് യൂണിഫോം വലിച്ച് കീറിയ ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ തൃശൂരിൽ നിന്നാണ് ചാലിശേരി പൊലീസ് പിടികൂടിയത്.

പാലക്കാട്: തൃത്താലയിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തൃത്താല തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി സ്വദേശി രാജൻ എന്ന ഷാജു ആണ് ചാലിശേരി പൊലീസിൻ്റെ പിടിയിലായത്. ഭാര്യയേയും മകളേയും പ്രതി മർദിക്കുന്നുവെന്ന ഫോൺ സന്ദേശം പൊലീസിൻ്റെ ടോൾ ഫ്രീ നമ്പറായ 112 ൽ ലഭിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്തെത്തിയപ്പോഴായിരുന്നു പ്രകോപനം. ഉടൻ തന്നെ ചാലിശ്ശേരി എസ് ഐ ജ്യോതി പ്രകാശും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും സംഭവസ്ഥലത്തെത്തി. തുടർന്ന് ഫോൺ സന്ദേശത്തിൽ ലഭിച്ച വിവരങ്ങളെക്കുറച്ച് പൊലീസ് അന്വേഷിച്ചതോടെ പ്രകോപിതനായ രാജൻ പൊലീസിന് നേരെ അസഭ്യം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു.

പ്രതിരോധിക്കാൻ ശ്രമിച്ച പൊലീസകാരനെ തള്ളി മാറ്റിയ പ്രതി യൂണിഫോമിലെ നെയിം പ്ലേറ്റും വലിച്ച് പറിച്ച് നിലത്തിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി വ്യാപക അന്വേഷണം നടക്കുന്നതിനിടെ തൃശൂർ ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം ചാലിശ്ശേരി സി ഐ മഹേന്ദ്ര സിംഹ, ചാലിശ്ശേരി എസ് ഐ ശ്രീ ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.