ഇന്നോവ കാറിൽ എത്തിയ പ്രതി റോഡിൽ നിന്നാണോടാ കാര്യം പറയുന്നത് എന്നാക്രോശിച്ച് ചീത്തവിളിച്ച് കൊണ്ട് കാറിൽ നിന്നിറങ്ങി. തുടർന്ന് കൈ കൊണ്ട് യുവാവിന്‍റെ മുഖത്ത് അടിച്ചു.

കൊടുമൺ : പത്തനംതിട്ടയിൽ റോഡരികിൽ വഴി പറഞ്ഞ് കൊടുത്ത് നിന്ന ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിച്ച് പരിക്കേല്പിച്ച ശേഷം കടന്നു കളഞ്ഞ കേസിൽ പ്രതി അറസ്റ്റിലായി. കൊടുമൺ ഇടത്തിട്ട സ്വദേശിയായ മണ്ണിൽവടക്കേതിൽ വീട്ടിൽ മിഥുൻ എം.എസ് (38) ആണ് അറസ്റ്റിലായത്. ജനുവരി 9-ാം തീയതി ഉച്ചയ്ക്ക് 2 മണിയോടു കൂടിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് . ചന്ദനപ്പള്ളി ഭാഗത്ത് നിന്നും വന്ന കാർയാത്രികന് കൊടുമൺ ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞുകൊടുക്കവെയാണ് പ്രതി യുവാവിനെ ആക്രമിച്ചത്.

ഇടത്തിട്ട എന്ന സ്ഥലത്ത് വെച്ചാണ് കാർ യാത്രികന് മർദ്ദനമേറ്റത്. റോഡിൽ നിർത്തിയ കാറിന് പിന്നിൽ ഇന്നോവ കാറിൽ എത്തിയ പ്രതി റോഡിൽ നിന്നാണോടാ കാര്യം പറയുന്നത് എന്നാക്രോശിച്ച് ചീത്തവിളിച്ച് കൊണ്ട് കാറിൽ നിന്നിറങ്ങി. തുടർന്ന് കൈ കൊണ്ട് യുവാവിന്‍റെ മുഖത്ത് അടിച്ചു. അടി കൊണ്ട യുവാവ് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലേക്ക് മറിഞ്ഞു വീണു. വീണുകിടന്ന യുവാവിന്റെ നെഞ്ചിലും വയറ്റത്തും പ്രതി ചവിട്ടുകയും കൈയിലിരുന്ന ചാവിവെച്ച് കഴുത്തിനു കുത്തുകയും ചെയ്തു. പരിക്കിനെ തുടർന്ന് യുവാവിന് കോട്ടയം മെഡിക്കൽ കോളേജിൽ നാലുദിവസത്തോളം ചികിത്സയിൽ കഴിയേണ്ടി വന്നു.

സംഭവത്തിന് ശേഷം പ്രതി ഒളിവിൽപ്പോയി. തുടർച്ചയായ അന്വേഷണത്തിൽ പ്രതി പാലക്കാട് ഉളളതായി മനസ്സിലാക്കിയ പൊലീസ് ഇയാളേയും, സഞ്ചരിച്ച ഇന്നോവ കാറും പിടികൂടിയത്. ഒറ്റപ്പാലം മണ്ണിശ്ശേരി എന്ന സ്ഥലത്ത് നിന്നുമാണ് പ്രതിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. കൊടുമൺ പൊലീസ് സബ് ഇൻസ്പെക്ടർ അനൂബ് പിയുടെ നേതൃത്വത്തിൽ ഉളള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.