പത്തനംതിട്ടയിൽ പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ചെത്തി വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി സ്വർണമാല കവർന്നയാൾ പിടിയിലായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കീഴ്വായ്പൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യത തീർക്കാനാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നൽകി.
പത്തനംതിട്ട: പെട്രോൾ വാങ്ങാൻ കുപ്പി ചോദിച്ചെത്തി വയോധികയുടെ സ്വർണമാല കവർന്നയാൾ പോലീസിന്റെ പിടിയിലായി. മല്ലപ്പള്ളി വായ്പൂർ കുളത്തൂർ മധുരപ്ലാക്കൽ വീട്ടിൽ യൂനിസിനെ (43) ആണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റ്ചെയ്തത്. കീഴ്വായ്പൂർ സ്റ്റോർ മുക്ക് ജംഗ്ഷനിൽ വെള്ളിയാംപള്ളിൽ വീട്ടിൽ ഏലിയാമ്മ (70) യുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. പെട്രോൾ വാങ്ങാൻ എന്ന വ്യാജേനെ ആക്ടീവ സ്കൂട്ടറിലാണ് പ്രതി റോഡിനോട് ചേർന്നുള്ള ഏലിയാമ്മയുടെ വീട്ടിൽ എത്തിയത്. കുപ്പി നൽകിയ ശേഷം തിരികെ നടന്ന ഏലിയാമ്മയുടെ പിന്നാലെ എത്തിയ പ്രതി ഇവരുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പിടിവലിക്കിടയിൽ മാലയുടെ കൊളുത്തും കുരിശും ഏലിയാമ്മയ്ക്ക് ലഭിച്ചിരുന്നു. സംഭവശേഷം കീഴ്വായ്പൂരുള്ള ബാർബർ ഷോപ്പിൽ പ്രതി എത്തിയ പ്രതിയുടെ സിസിടിവി ദൃശ്യമാണ് നിർണ്ണായകമായത്.
ദൃശ്യം പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പ്രതിയെ തിരിച്ചറിഞ്ഞ ഒരാൾ കീഴ്വായ്പൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി 11 മണിയോടെ ഇയാളെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടിമുതൽ പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാലുലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പോലീസിൽ നൽകിയ മൊഴി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.


