ആലപ്പുഴയിൽ ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സംഭവം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ആലപ്പുഴ: ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്ക് എന്നയാളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായാണ് ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഹെനോക്കിന്റെ വീട്ടിലെത്തിയത്.

ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരായ സേവ്യറും ശ്യാംകുമാറിനും തടസം നേരിടേണ്ടി വന്നതായി പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് വീട്ടിലേക്ക് എത്തിയ പ്രതികൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

സംഭവത്തെ തുടർന്ന്, കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ നിന്നും അധിക പൊലീസുകാർ സ്ഥലത്തെത്തി ഹെനോക്കിനെ കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ ഹെനോക്കിനെ കോടതി ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.