തിരിച്ചറിയൽ പരേഡിൽ അക്രമത്തിന് ഇരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞാൽ യുവാവിന്റെ അറസ്‌റ്റ് രേഖപെടുത്തുകയും മറ്റു നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട്: കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിയെ രാത്രി ക്യാമ്പസിനുള്ളിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. യുവാവിനെ അൽപസമയത്തിനകം പാലക്കാട് റയിൽവെ സ്‌റ്റേഷനിൽ എത്തിക്കും. പ്രതിയെ പെൺകുട്ടി തിരിച്ചറിഞാൽ അറസ്റ്റ് രേഖപെടുത്തും. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടായത്. തിരിച്ചറിയൽ പരേഡിൽ അക്രമത്തിന് ഇരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞാൽ യുവാവിന്റെ അറസ്‌റ്റ് രേഖപെടുത്തുകയും മറ്റു നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് രാത്രി 8.30 യ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായെത്തിയ അക്രമി പെൺകുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.


