തൃശൂർ നാരായണമംഗലത്തെ ബാറിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇരിങ്ങാലക്കുട സ്വദേശി ശരത്ത്, കൂട്ടാളി സൽമാൻ ഫാരിസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തൃശൂര്‍: ബാറിനുള്ളില്‍ ആക്രമണ നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസ് പ്രതിയും കൂട്ടാളിയും അറസ്റ്റില്‍. ഇരിങ്ങാലക്കുട നെടുകാണത്തുകുന്ന് കടലായി സ്വദേശി കളത്തിപറമ്പില്‍ വീട്ടില്‍ ശരത്ത് (25), ഇരിങ്ങാലക്കുട കരൂപടന്ന സ്വദേശി തെരുവില്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (26) എന്നിവരാണ് അറസ്റ്റിലായത്.
മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ ബാറിനുള്ളില്‍ വെച്ച് പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പത്താഴക്കാട്ടല്‍ വീട്ടില്‍ ശ്യാംജിത്ത് (41) നെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. രണ്ട് പ്രതികളെയും കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബര്‍ 26-ന് രാത്രി 10.30 മണിയോടെ നാരായണമംഗലം പോളക്കുളത്ത് ബാറിനുള്ളില്‍ വെച്ചാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനായി നില്‍ക്കുകയായിരുന്ന ശ്യാംജിത്ത്‌നെ പ്രതികള്‍ ബാറിനുള്ളില്‍ കിടന്നിരുന്ന കസേര ഉപയോഗിച്ച് അടിക്കുകയും, ഗ്ലാസ് എടുത്തെറിയുകയും സോഡാക്കുപ്പി ഉപയോഗിച്ച് മുഖത്തടിക്കുകയും ചെയ്താണ് ആക്രമിച്ചത്. ആക്രമണത്തില്‍ ശ്യാംജിത്ത് ന്റെ ഇടതുഭാഗത്തെ കവിളെല്ലിനും വാരിയെല്ലിനും പൊട്ടലുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ പേരുള്ള ശരത്ത് കൊടുങ്ങല്ലൂര്‍, വലപ്പാട്, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധികളിലായി രണ്ട് വധശ്രമക്കേസുകളിലും, അടക്കം എട്ട് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു, എസ് ഐമാരായ അതുല്‍, അജയ്, എസ്.സി.പി.ഒ മനോജ്, സി.പി.ഒ ഷെരീഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.


