വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ  പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

ആലപ്പുഴ: (Alapuzha) വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ (Rape case) പ്രതികളെ വെറുതെ വിട്ടു. വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച (Rape attempt) കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

തനിച്ചായിരുന്ന 80 വയസുകാരിയെ അതിക്രമിച്ചു കയറി ബലമായി മദ്യം കുടിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ കായംകുളം ചിറക്കടവ് അലക്കൻ തറ വീട്ടിൽ രമേശൻ(38), പാലമേൽ പണയിൽഭവനത്തിൽ പ്രമോദ്( 42) എന്നിവരെയാണ് ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ. ഇജാസ് വെറുതെ വിട്ട് ഉത്തരവായത്. 

2014 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃദ്ധയായ വീട്ടമ്മ ഉച്ചസമയം വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയതു. വീട്ടമ്മയുടെ കരച്ചിലും ബഹളവും കേട്ട അയൽവാസികളും മറ്റും ഓടിവന്നപ്പോൾ പ്രതികൾ ഓട്ടോറിക്ഷോ ഉപേക്ഷിച്ചു രക്ഷപ്പെടുകയും തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ച് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 

പരിക്കേറ്റ വൃദ്ധ കായംകുളം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ എതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു കോടതി കണ്ടെത്തി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പിപി ബൈജു, പിഎസ് സമീർ എന്നിവർ കോടതിയിൽ ഹാജരായി.

നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും; ഉടമയെ തപ്പിയ എംവിഡി ഞെട്ടി!

ആലുവ: നമ്പര്‍പ്ലേറ്റ് (Number Plate) ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറെ വീട്ടിലെത്തി പൊക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ആലുവയില്‍ (Aluva) ആണ് സംഭവം. കുട്ടമശേരി (Kuttamassery) സ്വദേശിയായ കുട്ടി റൈഡറാണ് കുടുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടമശ്ശേരി (Kuttamassery)സ്വദേശിയായ കുട്ടി ഡ്രൈവര്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് വാഹനം പരിശോധിക്കാനായി നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പക്ഷേ ബൈക്ക് നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു പോയി. എന്നാല്‍ വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അങ്ങനെ എംവിഡി ഉദ്യോഗസ്ഥര്‍ ഉടമയുമായി ബന്ധപ്പെട്ടു. എന്നാല്‍, വാഹനം വിറ്റതാണെന്ന് ഇയാള്‍ അറിയിച്ചു. പുതിയ ഉടമയുടെ നമ്പര്‍ നല്‍കുകയും ചെയ്‍തു.

എന്നാല്‍ നാല് ആളുകളുടെ കൈകളില്‍ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി. അതില്‍നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഈ വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.

ഇപ്പോള്‍ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്‍റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത്. ഇതോടെ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കുകയായിരുന്നു. സുഹൃത്തിന്റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്‍സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത് എന്നാണ് ചോദ്യം ചെയ്യലില്‍ കുട്ടി റൈഡര്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടി റൈഡര്‍ക്കെതിരെ കേസും എടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയതിനും ആണ് കേസ് എടുത്തത്. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍.